ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിൽ അതൃപ്തിയുമായി ഐ ഗ്രൂപ്പ്. അർഹിക്കുന്ന പ്രാധാന്യം ലഭിച്ചില്ലെന്നാണ് ആരോപണം. പ്രാദേശിക തലത്തിൽ യോഗങ്ങൾ ചേരാൻ ആലോചിക്കുകയാണ് ഐ ഗ്രൂപ്പ്.
വയനാട് സീറ്റ് എ ഗ്രൂപ്പിന് നൽകേണ്ടി വന്നതാണ് പ്രധാനമായും ഐ ഗ്രൂപ്പിനെ ചൊടിപ്പിച്ചത്. രമേഷ് ചെന്നിത്തലയുടെ പിടിപ്പ് കേടാണ് വിജയ സാധ്യതയുള്ള സിറ്റിംഗ് സീറ്റ് വിട്ട് കൊടുക്കേണ്ടി വന്നതിന് പിന്നിലെന്നാണ് പ്രവർത്തകരുടെ ആരോപണം.2009 ൽ കോഴിക്കോട് സീറ്റ് ഇതേ രീതിയിൽകൈവിട്ടു പോയതാണെന്ന് പ്രവർത്തകർ ആരോപിക്കുന്നു. കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് സ്ഥാനവും ഐ ഗ്രൂപ്പിന്റെ കയ്യിൽ നിന്നും എ ഗ്രൂപ്പിന് ലഭിച്ചിരുന്നു. മലബാറിൽ ഐ ഗ്രൂപ്പിന് വിജയ സാധ്യതയുള്ള സീറ്റ് ഒന്നായി ചുരുങ്ങി പോയെന്നാണ് പ്രവർത്തകർ പറയുന്നത്. ഇതിനെതിരെ എങ്ങനെ പ്രതികരിക്കണമെന്നതിനായാണ് ഗ്രൂപ്പ് യോഗങ്ങൾ ചേരാൻ ആലോചിക്കുന്നത്. ഗ്രൂപ്പ് തർക്കങ്ങൾ പരിഹരിച്ചില്ലെങ്കിൽ അത് തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പ്രതികൂലമായി തന്നെ ബാധിക്കും.