കേന്ദ്രമന്ത്രിസഭാ പുനഃസംഘടനാ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക്. മുതിര്‍ന്ന മന്ത്രിമാരുമായും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുമായും നടത്തിയ ചര്‍ച്ചയില്‍ കൂടുതല്‍ വകുപ്പുകള്‍ ഒരേ മന്ത്രി കൈകാര്യം ചെയ്യുന്നത് ഒഴിവാക്കാന്‍ തീരുമാനിച്ചു. അടുത്ത മാസം നടക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായിട്ട് മന്ത്രിസഭാ പുന:സംഘടന ഉണ്ടാകും.
രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം മന്ത്രിസഭ പുനഃസംഘടിപ്പിച്ചിട്ടില്ല. ആദ്യ പുനഃസംഘടന ഇപ്പോഴുള്ള അപര്യാപ്തകള്‍ പരിഹരിക്കുന്നതാകണം എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യം. ഇതിനായി മന്ത്രിമാരുടെ പ്രവര്‍ത്തന പരിശോധന പ്രധാനമന്ത്രി നടത്തിയിരുന്നു. വിവിധ ദിവസങ്ങളിലായി മന്ത്രിമാരെയും പാര്‍ട്ടി നേതാക്കളെയും വിളിച്ച് വരുത്തി പ്രധാനമന്ത്രി ചര്‍ച്ചകളും നടത്തിയിരുന്നു. ഇതിന്റെ എല്ലാം അന്തിമ ഘട്ടം എന്ന നിലയിലാണ് ഇപ്പോഴത്തെ സാഹചര്യം.
സംഘടനാ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ് അടക്കം ഉള്ളവരും ചര്‍ച്ചയുടെ ഭാഗമായി പങ്കെടുത്തു. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, അമിത് ഷാ, നിതിന്‍ ഗഡ്കരി, സദാനന്ദ ഗൗഡ തുടങ്ങിയവരെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് വിളിപ്പിച്ചായിരുന്നു ചര്‍ച്ച.
കൊവിഡ് പ്രതിരോധ നടപടികളിലെ പോരായ്മകളില്‍ വിമര്‍ശനം നേരിടുന്നതിനാല്‍ മുഖംമിനുക്കല്‍ അനിവാര്യമാണെന്ന വിലയിരുത്തലിലാണു ബിജെപി നേതൃത്വം. ഈ സാഹചര്യത്തില്‍ കൊവിഡ് അനുബന്ധകാര്യങ്ങളില്‍ മേല്‍നോട്ടം വഹിക്കാന്‍ ഒരു മന്ത്രിക്ക് ചുമതല നല്‍കും എന്നാണ് വിവരം. ഒന്നിലധികം മന്ത്രാലയങ്ങളുടെ ചുമതല വഹിക്കുന്ന മന്ത്രിമാരുടെ ജോലി ഭാരം കുറയ്ക്കാനുള്ള നിര്‍ദേശം ചര്‍ച്ചയില്‍ പ്രധാനമന്ത്രി അംഗീകരിച്ചു. മന്ത്രിമാരില്‍ ചിലരെ സംഘടനാ ചുമതലയിലേക്ക് മാറ്റുമെന്നാണ് വിവരം.