Technology

കോവിഡ് അലാറം; വൈറസിനെ മണത്തറിയാന്‍ ഉപകരണവുമായി ഗവേഷകര്‍

ശരീര ഗന്ധത്തില്‍ നിന്നും കൊറോണ വൈറസിന്‍റെ സാന്നിധ്യം തിരിച്ചറിയുന്ന ഉപകരണം പരീക്ഷിച്ച് ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍. ‘കോവിഡ് അലാറം’ എന്ന ഉപകരണത്തിനു പിന്നില്‍ ഡര്‍ഹാം സര്‍വകലാശാല, ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീനിന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിന്‍ (എല്‍.എസ്.എച്ച്.ടി.എം) എന്നിവിടങ്ങളിലെ ഗവേഷകരാണ്.

കോവിഡ് അണുബാധയ്ക്ക് ഗന്ധമുണ്ടെന്നും വ്യക്തിയുടെ ശരീരത്തിലെ ദുര്‍ഗന്ധം സൃഷ്ടിക്കുന്ന മാറ്റങ്ങള്‍ സെന്‍സറുകള്‍ക്ക് കണ്ടെത്താനാകുമെന്നുമാണ് ഗവേഷകര്‍ പറയുന്നത്. സീലിങ്ങില്‍ ഘടിപ്പിക്കുന്ന ഉപകരണം മുറിയില്‍ കോവിഡ് ബാധിച്ച ആരെങ്കിലുമുണ്ടെങ്കില്‍ 15 മിനിറ്റില്‍ കണ്ടെത്തും.

സ്രവ പരിശോധന ഇല്ലാതെ കോവിഡ് രോഗിയെ തിരിച്ചറിയാനാകുമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. 98 മുതല്‍ 100 ശതമാനം വരെ കൃത്യമായ ഫലമാണ് ‘കോവിഡ് അലാറം’ പരീക്ഷണത്തില്‍ നല്‍കിയതെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. ഇത്തരം ഇല്കട്രോണിക് ഉപകരണങ്ങള്‍ ഉടന്‍ ഉപയോഗത്തില്‍ വന്നേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.