Kerala

സംസ്ഥാനത്ത് ഇന്ന് ലോക്ക്ഡൗണില്‍ ഇളവ്; ബാങ്കുകള്‍, തുണിക്കട, സ്റ്റേഷനറി സ്ഥാപനങ്ങള്‍ തുറക്കും

സംസ്ഥാനത്ത് ഇന്ന് ലോക്ക്ഡൗണില്‍ ഇളവ്. ജ്വല്ലറികള്‍ക്കും തുണിക്കടകള്‍ക്കും സ്റ്റേഷനറി സ്ഥാപനങ്ങള്‍ക്കും തുറക്കാന്‍ അനുമതിയുണ്ട്. കണ്ണട, ചെരുപ്പ്, പുസ്തകം എന്നിവ വില്‍ക്കുന്ന കടകള്‍ക്കും ഇളവുണ്ട്. ബാങ്കുകളും ഇന്ന് പ്രവര്‍ത്തിക്കും. വാഹന ഷോറൂമുകള്‍ രാവിലെ ഏഴു മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെ അറ്റകുറ്റപ്പണികള്‍ക്കായി തുറക്കാം. എന്നാല്‍ വില്‍പനയ്ക്ക് അനുവാദമില്ല. മൊബൈല്‍ റിപ്പയറിംഗ് നടത്തുന്ന കടകളും ഇന്ന് തുറക്കും. നിര്‍മാണ മേഖലയിലുള്ള സൈറ്റ് എഞ്ചിനീയര്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡോ രേഖകളോ കാട്ടി യാത്ര ചെയ്യാമെന്നാണ് നിര്‍ദേശം.

അതേസമയം, നാളെയും മറ്റന്നാളും ട്രിപ്പിള്‍ ലോക്ക്ഡൗണിന് സമാനമായ കര്‍ശന നിയന്ത്രണങ്ങളുണ്ടാകും. ഹോട്ടലുകളില്‍ പാഴ്സല്‍ വിതരണം ചെയ്യാന്‍ അനുമതിയില്ല, പകരം ഹോം ഡെലിവറി നടത്താം. കോവിഡ് മാനദണ്ഡം പാലിച്ച് നിര്‍മാണ പ്രവര്‍ത്തനം നടത്താന്‍ അനുമതിയുണ്ട്. ബന്ധപ്പെട്ട പോലീസ് സ്‌റ്റേഷനില്‍ ഇക്കാര്യം മുന്‍കൂട്ടി അറിയിക്കണം. ഈ ദിവസങ്ങളില്‍ നിര്‍മാണ മേഖലയിലുള്ള സൈറ്റ് എന്‍ജിനീയര്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് കാട്ടി യാത്ര ചെയ്യാം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തു ശതമാനത്തില്‍ താഴെയെത്തും വരെ നിയന്ത്രണം തുടരണമെന്നാണ് ആരോഗ്യവകുപ്പിന്‍റെ നിലപാട്.