കോവിഡ് മഹാമാരിക്കെതിരേ പോരാടുന്ന ഇന്ത്യയിൽ ഒരു ഡോസ് കോവിഡ് വാക്‌സിനെങ്കിലും ഇതുവരെ എടുത്തത് 23.4 കോടി പേർ. പക്ഷേ ഇതുവരെ ഏതെങ്കിലും ഒരു വാക്‌സിന്റെ രണ്ടു ഡോസുമെടുത്ത് പൂർണമായും വാക്‌സിനെടുത്തത് 4.53 കോടി പേർ മാത്രമാണ്. രാജ്യത്തിന്റെ ജനസംഖ്യയുടെ 3.3 ശതമാനം മാത്രമാണിത്. ലോകത്ത് ഇതുവരെ 212 കോടി ആൾക്കാരാണ് ഒരു ഡോസ് കോവിഡ് വാക്‌സിനെങ്കിലും എടുത്തത്. ലോകത്ത് ഇതുവരെ രണ്ടു ഡോസ് കോവിഡ് വാക്‌സിനും എടുത്തത് 45.8 കോടി ആൾക്കാരാണ്.
ലോക ജനസംഖ്യയുടെ 5.9 ശതമാനം മാത്രമാണിത്. ഈ കണക്കുകളെല്ലാം സൂചിപ്പിക്കുന്നത് വാക്‌സിൻ വിതരണത്തിൽ നമ്മുക്ക് അനേകം ദൂരം സഞ്ചരിച്ചാൽ മാത്രമേ കോവിഡിനെ ലോകത്ത് നിന്ന് തുരത്താൻ സാധിക്കുവെന്നാണ്. അതേസമയം ഇന്ത്യയിൽ കോവിഡിന്‍റെ രണ്ടാം തരംഗം പീക്ക് പോയിന്റിനു ശേഷം തുടർച്ചയായി കുറഞ്ഞു വരികയാണ്. മേയ് എട്ടിനാണ് രാജ്യത്ത് കോവിഡ് തരംഗം അതിന്റെ പീക്ക് പോയിന്റിൽ എത്തിയതെന്നാണ് വിദഗ്ധർ പറയുന്നത്. ഇന്ന് രാജ്യത്ത് ഒരു ലക്ഷത്തിൽ താഴെ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിൽ 92,596 കോവിഡ് കേസുകളാണ് ഇന്ത്യയിൽ സ്ഥിരീകരിച്ചത്.