പണി പൂര്‍ത്തിയായി ഒന്നര വര്‍ഷം കഴിഞ്ഞിട്ടും തുറന്നുകൊടുക്കാത്ത അത്യാധുനിക അറവുശാല തൊഴില്‍ നിഷേധിക്കുന്നത് വരാണസിയില്‍ മാത്രം 700ഓളം കുടുംബങ്ങള്‍ക്ക്. ആധുനീകരണത്തിന്റെ മറവിലാണ് നേരത്തെ നഗരസഭയുടെ മേല്‍നോട്ടത്തില്‍ നടന്നു വന്ന ഈ അറവുശാല സര്‍ക്കാര്‍ അടച്ചു പൂട്ടിയത്. വരാണസിയില്‍ മാത്രമല്ല തെക്കന്‍ മേഖലയിലെ 15 ജില്ലകളില്‍ മാംസവ്യാപാരവുമായി ബന്ധപ്പെട്ട് ജീവിക്കുന്ന കസായി കുടുംബങ്ങളാണ് ഇതോടെ പ്രതിസന്ധിയിലായത്.
തെക്കന്‍ യു.പിയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വന്ന സര്‍ക്കാര്‍ അംഗീകാരമുള്ള ഏക അറവുശാലയായിരുന്നു വരാണസിയിലേത്. അധികാരമേറ്റതിന് തൊട്ടുപുറകെ യോഗി ആദിത്യനാഥ് ഈ പ്‌ളാന്റ് സര്‍ക്കാര്‍ അടച്ചു പൂട്ടി. എന്നാല്‍ ഒരു സമൂഹത്തിന്റെ തൊഴിലും ഭക്ഷണവും നിഷേധിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് കോടതി ഉത്തരവിട്ടതോടെ ആദിത്യനാഥ് വെട്ടിലായി. തുടര്‍ന്നാണ് കശാപ്പുശാലയെ ആധുനികവല്‍ക്കരിക്കുകയാണ് ലക്ഷ്യമെന്ന വാദവുമായി സര്‍ക്കാര്‍ രംഗത്തു വന്നത്. 6 കോടിയോളം രൂപ ചെലവിട്ട് വരാണസിയിലെ അറവുശാല നവീകരിച്ചെങ്കിലും അത് തുറന്നു കൊടുത്ത് കോടതിയുടെ ഉത്തരവ് നടപ്പാക്കാന്‍ യു.പി സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല.
ഗതിമുട്ടിയ വരാണസിയിലെ മാംസ വ്യാപാരികളില്‍ ചിലര്‍ സ്വകാര്യമായി ബിസിനസ് പുനരാരംഭിക്കാന്‍ ശ്രമിച്ചെങ്കിലും അവരില്‍ പലര്‍ക്കുമെതിരെ കൊലപാതക ശ്രമമുള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസെടുത്തത്. ബീഫ് കയറ്റുമതി ചെയ്യുന്ന അതിസമ്പന്നരുടെ കാര്യത്തില്‍ മാത്രമാണ് യോഗി സര്‍ക്കാരിനും മോദി സര്‍ക്കാരിനും ശ്രദ്ധയെന്നും വരാണസിയിലെ ദരിദ്രരായ കസായികളെ അവര്‍ പട്ടിണിക്കിട്ട് കൊല്ലുകയുമാണെന്നുമാണ് ആരോപണമുയരുന്നത്.