വയനാട് മുട്ടിൽ മരം കൊള്ളയിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥരെ തള്ളി മന്ത്രി എ.കെ ശശീന്ദ്രൻ. റവന്യൂ വകുപ്പിന്റെ ഉത്തരവ് വനം വകുപ്പ് ഉദ്യോഗസ്ഥർ ദുർവ്യാഖ്യാനം ചെയ്തുവെന്ന് ശശീന്ദ്രൻ നിയമസഭയിൽ പറഞ്ഞു. എന്നാല്‍ ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവെച്ച് കൈയൊഴിയാൻ സർക്കാരിന് കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തുറന്നടിച്ചു. ചട്ടങ്ങൾ ലംഘിച്ച് ഉത്തരവിറക്കിയ സർക്കാർ വനം കൊള്ളയെ ന്യായീകരിക്കുകയാണെന്നും തെരഞ്ഞെടുപ്പ് കാലത്താണ് മരംവെട്ട് നടന്നതെന്ന വനംമന്ത്രിയുടെ വാദം സഭയെ തെറ്റിദ്ധരിപ്പിക്കാനാണെന്നും വി.ഡി സതീശൻ കുറ്റപ്പെടുത്തി.
കേസിലെ പ്രതികൾക്ക് ഉന്നതരുമായി ബന്ധമുണ്ടെന്ന്പി.ടി തോമസ് എം.എല്‍.എയും ആരോപിച്ചു. കോടതിമേൽനോട്ടത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട പ്രതിപക്ഷം വനം കൊള്ളയെ സർക്കാർ നിസാരവല്കരിക്കുന്നതായും കുറ്റപ്പെടുത്തി. അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിന് പിന്നാലെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.