Kerala

സ്ഥാനാർഥിത്വത്തിൽനിന്ന് പിൻമാറാൻ കോഴ; കെ.സുരേന്ദ്രനെതിരെ കേസെടുത്തു

സ്ഥാനാർഥിത്വത്തിൽനിന്ന് പിൻമാറാൻ കോഴ നൽകിയെന്ന പരാതിയിൽ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെതിരെ കേസെടുത്തു. കാസർകോട് ബദിയടുക്ക പൊലീസാണ് കേസെടുത്തത്. മഞ്ചേശ്വരത്തെ എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന വി.വി.രമേശന്‍റെ പരാതിയിൽ തുടർനടപടിക്ക് കോടതി അനുമതി നൽകിയിരുന്നു. സ്ഥാനാർഥിത്വത്തിൽനിന്ന് പിൻമാറിയത് ബി.ജെ.പി നേതാക്കൾ രണ്ടര ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകിയത് കൊണ്ടാണെന്ന മഞ്ചേശ്വരത്തെ ബി.എസ് പി സ്ഥാനാർഥി കെ. സുന്ദരയുടെ വെളിപ്പെടുത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് വി.വി രമേശൻ നൽകിയ പരാതിയിലാണ് നടപടി. 171 b വകുപ്പിൽ കേസ് രജിസ്റ്റർ ചെയ്യാൻ കോടതിയുടെ പ്രത്യേക അനുമതി ആവശ്യമാണ്. വിവി രമേശൻ നൽകിയ അപേക്ഷ പരിഗണിച്ച് കാസർകോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കേസ് രജിസ്റ്റർ ചെയ്യാൻ അനുമതി നൽകുകയായിരുന്നു. 171 B,171 E വകുപ്പുകൾ പ്രകാരമാണ് കെ. സുരേന്ദ്രനെതിരെ കേസ് എടുത്തത്. പണം നൽകുന്നതിന് മുൻപ് ബി.ജെ.പി. നേതാക്കൾ തന്നെ തടങ്കലിൽ വച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും കെ.സുന്ദര പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ തട്ടിക്കൊണ്ടുപോകൽ , ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ കൂടി കൂട്ടി ചേർക്കും. കെ.സുരേന്ദ്രന് പുറമെ ബി.ജെ.പി പ്രദേശിക നേതാക്കളെയും പ്രതി ചേർക്കാനാണ് പൊലീസിൻ്റെ തീരുമാനം.