യുഡിഎഫിൽ നിന്ന് നേതാക്കളെ എത്തിച്ച് പാർട്ടി ശക്തിപ്പെടുത്താനുള്ള ജോസ് കെ മാണിയുടെ നീക്കത്തിൽ കേരള കോൺഗ്രസ് എമ്മിലെ ഒരു വിഭാഗത്തിന് അതൃപ്തി. രണ്ട് അധികാര കേന്ദ്രങ്ങൾ രൂപപ്പെട്ടതിന് പിന്നാലെയാണ് പാർട്ടിയിൽ വിഭാഗീയത രൂപപ്പെട്ടത്. ചെയർമാന് കൂടുതൽ പ്രാധാന്യം നൽകാനാണ് പാർട്ടിയുടെ കേഡർ സംവിധാനത്തിലേക്കുള്ള മാറ്റമെന്നാണ് വിലയിരുത്തൽ.
ഇടതുമുന്നണിയിലായതിനാൽ പോര് പരസ്യമാക്കുന്നില്ലെങ്കിലും നേതാക്കൾ രണ്ട് ധ്രുവങ്ങളിലെത്തി എന്നതാണ് പുറത്തുവരുന്ന സൂചനകൾ. മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവർ അധികാരമുള്ള മന്ത്രിക്കൊപ്പമാണ്. മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫുകളെ തീരുമാനിക്കുന്നതിൽ ഉൾപ്പെടെ ഇരു പക്ഷവും തമ്മിൽ വിയോജിപ്പുകൾ മുറുകി. ഇതോടെ കൂടുതൽ നേതാക്കളെ ഒപ്പം കൊണ്ടുവന്ന് പാർട്ടിയുടെ ശക്തി വർധിപ്പിക്കാനുള്ള നീക്കം ജോസ് കെ മാണി ഊർജിതമാക്കി. നേതാക്കൾ എത്തുന്നതിന് പിന്നാലെ കേഡർ രീതിയിൽ പാർട്ടി ഉടച്ചുവാർക്കുമെന്നും ജോസ് കെ മാണി പറഞ്ഞിരുന്നു. സ്റ്റിയറിങ് കമ്മിറ്റിയിൽ ജോസ് കെ മാണിയുടെ നീക്കത്തെ എതിർക്കാനാണ് മറുചേരിയുടെ പദ്ധതി.