കൊടകര കള്ളപ്പണക്കേസിന് പിന്നാലെ വയനാട് തെരഞ്ഞെടുപ്പ് ഫണ്ട് വിവാദം ബിജെപിയെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ബത്തേരിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒരു കോടിയിലേറെ രൂപ ബിജെപി നൽകിയതായി സൂചന. മാർച്ച് 24ന് ജെആർപി നേതാവ് സി.കെ ജാനുവിന്‍റെ യാത്രയിലും ദുരൂഹത ഏറുകയാണ്.
സി കെ ജാനുവിന് കെ സുരേന്ദ്രൻ 10 ലക്ഷം രൂപ നൽകിയിരുന്നെന്ന ജെആർപി നേതാവിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് പുതിയ സംഭവം. ഓരോ മണ്ഡലത്തിന്‍റെയും പ്രത്യേകത അനുസരിച്ചാണ് ബിജെപി തെരഞ്ഞെടുപ്പ് പ്രവര്‍ത്തന ഫണ്ട് വിതരണം ചെയ്തത്. ഇതില്‍ വയനാട്ടില്‍ തെരഞ്ഞെടുപ്പ് ഫണ്ടിനെ ചൊല്ലിയുള്ള വിവാദങ്ങളാണ് പണമിടപാടുമായി ബന്ധപ്പെട്ട കൂടുതല്‍ ആരോപണങ്ങള്‍ പുറത്തുവരാന്‍ കാരണമായത്.
സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള വരവ് ചെലവ് കണക്കുകളുടെ ലിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. അതില്‍ 75,81,298 രൂപയാണ് മൊത്തം ചെലവായി കാണിച്ചിരിക്കുന്നത്.
മാര്‍ച്ച് 24 ന് സി കെ ജാനുവിന്‍റെ വാഹനം മംഗലാപുരത്തേക്ക് പോയ വകയില്‍ 30,000 രൂപ ചെലവഴിച്ചെന്ന് ഈ കണക്കിലുണ്ട്. ഈ യാത്രയെ ചൊല്ലിയാണ് ഇപ്പോള്‍ കൂടുതല്‍ ദുരൂഹതകളും വിവാദങ്ങളും ഉണ്ടാകുന്നത്. പണം കൈപ്പറ്റുന്നതിനാണ് സി കെ ജാനുവിന്‍റെ വാഹനം മംഗലാപുരത്തേക്ക് പോയത് എന്നാണ് പാര്‍ട്ടിക്കുള്ളിലെ ഒരു വിഭാഗം ആരോപിക്കുന്നത്.
അന്ന് ഏതാണ്ട് 50 ലക്ഷത്തോളം രൂപ ലിക്വിഡ് കാശായി സി.കെ ജാനുവിന് കൈമാറിയിട്ടുണ്ടെന്നും ഒരു വിഭാഗം പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. രണ്ട് ഘട്ടങ്ങളിലായിട്ടാണ് സി കെ ജാനുവിന് ഒരു കോടി പത്തുലക്ഷത്തോളം രൂപ കൈമാറിയിട്ടുള്ളത്. അതില്‍ 76 ലക്ഷത്തോളം രൂപ മാത്രമാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചത്.
ബാക്കി തുക ജാനു സ്വന്തം ആവശ്യങ്ങള്‍ക്കായി വക മാറ്റി ചെലവഴിച്ചുവെന്നാണ് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയുടെ ആരോപണം. പാര്‍ട്ടിയുടെ സംസ്ഥാന ട്രഷററായ പ്രസീത അടക്കമുള്ളവര്‍ ആരോപണവുമായി രംഗത്തെത്തിയിരുന്നു.
തെരഞ്ഞെടുപ്പുകള്‍ക്ക് ചെലവാക്കാവുന്ന കണക്ക് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മാര്‍ഗനിര്‍ദേശം നിലനില്‍ക്കുന്നുണ്ട്. അത് ബാങ്ക് അക്കൌണ്ട് മുഖേന നല്‍കണമെന്നും നിര്‍ദേശമുണ്ട്. എന്നാല്‍ ജാനുവിന് പണം കൈമാറിയിരിക്കുന്നത് ലിക്വിഡ് കാശായിട്ടാണ്. സി കെ ജാനുവിന് സ്വന്തം ആവശ്യങ്ങള്‍ക്കായി പത്തുലക്ഷം രൂപ ലിക്വിഡ് മണിയായി കൈമാറിയെന്നതിന്‍റെ ഫോണ്‍ സംഭാഷണങ്ങള്‍ ഇന്നലെ പുറത്തുവന്നിരുന്നു.
അതിന് പിന്നാലെയാണ് ജാനുവിന്‍റെ മംഗലാപുരം യാത്രയെ ചൊല്ലിയും ആരോപണമുയരുന്നത്. ജാനുവിന് ഒരു കോടി പത്തുലക്ഷം രൂപയും ലിക്വിഡ് കാശായിട്ടാണ് കൈമാറിയത് എന്നാണ് ഒരുവിഭാഗം പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. ഇതിനെ തുടര്‍ന്ന് ബിജെപിയുടെ വയനാട് ഘടകത്തിലും പ്രതിസന്ധി ഉടലെടുത്തിട്ടുണ്ട്. അവിടുത്തെ യുവമോര്‍ച്ചയുടെ ജില്ലാ പ്രസിഡന്‍റ് അടക്കമുള്ളവരെ പുറത്താക്കുന്നതടക്കമുള്ള നടപടികള്‍ ഉണ്ടായിട്ടുണ്ട്.
പലരും പാര്‍ട്ടിക്ക് പുറത്തു വന്ന് ആരോപണം ഉന്നയിക്കുന്ന സാഹചര്യവുമുണ്ട്. ഇതിനെല്ലാം ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മറുപടി പറയണമെന്ന ആവശ്യമാണ് ഇപ്പോള്‍ ഉയരുന്നത്. ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയാണ് ഇത് സംബന്ധിച്ച കണക്ക് പുറത്തുവിട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടുണ്ടാക്കിയ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ഇത് സംബന്ധിച്ചുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ ആദ്യം ഉയരുന്നത്. തുടര്‍ന്നാണ് വരവ് ചെലവ് കണക്കുകള്‍ ഒരു വിഭാഗം പുറത്തുവിടുന്നത്.