ഉത്തര്‍പ്രദേശില്‍ ഗൊരഖ്‌നാഥ് ക്ഷേത്രത്തിന്റെ സമീപത്ത് നിന്ന് മുസ്‌ലിം കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നു. സുരക്ഷാ ഭീഷണിയുണ്ടെന്ന കാരണം പറഞ്ഞാണ് ക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന 11 കുടുംബങ്ങളോട് ഒഴിഞ്ഞുപോവാന്‍ യു.പി ഭരണകൂടം ആവശ്യപ്പെട്ടിരിക്കുന്നതെന്നും ‘ദി ക്വിന്റ’് റിപ്പോര്‍ട്ട് ചെയ്തു. കരാര്‍ പ്രകാരം കുടിയൊഴിപ്പിക്കുന്ന 11 പേരും മുസ്‌ലിം സമുദായത്തില്‍ നിന്നുള്ളവരാണ്. ഇവരില്‍ 10 പേരും മെയ് 28ന് എഗ്രിമന്റില്‍ ഒപ്പുവെച്ചിട്ടുണ്ട്. അതേസമയം ആരെയും നിര്‍ബന്ധിച്ച് കുടിയൊഴിപ്പിച്ചിട്ടില്ലെന്ന് ഗൊരഖ്പൂര്‍ ജില്ലാ മജിസ്‌ട്രേറ്റ് വിജേന്ദ്ര പാണ്ഡ്യന്‍ പറഞ്ഞു. ഒഴിഞ്ഞുപോവുന്നവര്‍ക്ക് അവരുടെ ഭൂമിയുടെ വിലയായി കോടികള്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുസ്‌ലിങ്ങളോട് മാത്രമാണ് ഒഴിഞ്ഞുപോവാന്‍ ആവശ്യപ്പെട്ടതെന്ന് പ്രദേശവാസിയായ മുഷീര്‍ അഹമ്മദ് പറഞ്ഞു. ഹിന്ദു സമുദായത്തില്‍ നിന്നുള്ളവര്‍ ഇവിടെ താമസിക്കുന്നില്ല. 11 മുസ്‌ലിം കുടുംബങ്ങള്‍ മാത്രമാണ് കരാറില്‍ ഒപ്പുവെച്ചത്. ഞങ്ങളുടെ കുടുംബം കഴിഞ്ഞ 125 വര്‍ഷമായി ഇവിടെയാണ് താമസിക്കുന്നത്. 11 മുസ്‌ലിം കുടുംബങ്ങളില്‍ ചിലര്‍ ഇവിടെ വിട്ടുപോവാന്‍ തയ്യാറാണ്. പോവാന്‍ തയ്യാറുള്ളവര്‍ പോവട്ടെ. എന്നെപ്പോലുള്ള പാവപ്പെട്ടവര്‍ എവിടെ പോവാനാണ്- 70 വയസുകാരനായ മുശീര്‍ അഹമ്മദ് ചോദിച്ചു. 71 കാരനായ ജാവേദ് അക്തറും ഇത് തന്നെ ചോദിക്കുന്നു. ജാവേദിനും മുശീര്‍ അഹമ്മദിനും മറ്റെവിടെയും സ്വന്തമായി ഭൂമിയില്ല. അധികൃതരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് എഗ്രിമെന്റില്‍ ഒപ്പുവെച്ചതെന്നാണ് ഇവര്‍ പറയുന്നത്.
ക്ഷേത്രത്തിന്റെ സുരക്ഷക്കായി പൊലീസ് സ്റ്റാന്റ് സ്ഥാപിക്കാനാണ് കുടിയൊഴിപ്പിക്കുന്നത്. നിലവില്‍ രണ്ട് പൊലീസ് സ്റ്റാന്റുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ജില്ലാ ഭരണകൂടം ഒരു യോഗം വിളിച്ചിരുന്നു. ഞങ്ങള്‍ പങ്കെടുത്തിട്ടില്ല. ഞങ്ങള്‍ അഭിഭാഷകരുടെ സഹായത്തോടെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. കോടതിയുടെ ഉപദേശം പോലെ പ്രവര്‍ത്തിക്കും-ജാവേദ് അക്തര്‍ പറഞ്ഞു. പ്രദേശത്തെ ചില കുടുംബങ്ങള്‍ പുതിയ കരാറിന് അനുകൂലമാണ്. ഞങ്ങളുടെ വീടുകള്‍ ഏറ്റെടുക്കുമെന്ന് കരാറില്‍ പറയുന്നില്ലെന്ന് മറ്റൊരു പ്രദേശവാസിയായ ശാഹിര്‍ ഹുസൈന്‍ പറഞ്ഞു. ഇത് പ്രാഥമികമായ ഒരു കരാര്‍ മാത്രമാണ്. ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത് ഊഹാപോഹങ്ങള്‍ മാത്രമാണെന്നും ശാഹിര്‍ പറഞ്ഞു.