ബിജെപി നേതാക്കൾ ഉൾപ്പെട്ട പള്ളിക്കത്തോട് തോക്ക് കേസ് അട്ടിമറിച്ചുവെന്ന ആരോപണവുമായി ഡിവൈഎഫ്ഐ രംഗത്ത്. കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥന്റെ ഒത്താശയോടെ കേസ് അട്ടിമറിച്ചുവെന്നാണ് ആരോപണം. കേസ് പുനരന്വേഷിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും ഡിവൈഎഫ്ഐ പരാതി നൽകി.
2020 മാർച്ച് പത്തിനാണ് തോക്ക് നിർമ്മാണ സംഘം പള്ളിക്കത്തോട് പൊലീസ് പിടിയിലായത്. കേസിൽ ബിജെപി നേതാവും, ബിജെപി ഭരിക്കുന്ന പള്ളിയ്ക്കത്തോട് പഞ്ചായത്തിലെ അംഗവുമായ വിജയൻ എന്നയാളെ പിടികൂടുകയും റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ അന്ന് കേസന്വേഷിച്ച സിഐ ജിജു ടി ആർ കേസ് അട്ടിമറിച്ചെന്നാരോപിച്ചാണ് ഡിവൈഎഫ്ഐ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്.
കേസില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും, ഡിജിപിയ്ക്കും ഡിവൈഎഫ്ഐ കത്ത് അയച്ചിട്ടുണ്ട്. തോക്ക് നിർമ്മാണത്തിന് പിന്നിലെ രാഷ്ട്രീയ ബന്ധങ്ങളും ഗൂഢാലോചനയും പുറത്തുകൊണ്ടുവരാൻ അന്വേഷണത്തിന് കഴിഞ്ഞില്ലെന്നും കത്തിൽ പറയുന്നു. തോക്കുകളും വെടിവെക്കാൻ ആവശ്യമായ പെല്ലറ്റുകൾ, വെടിമരുന്ന്, ചന്ദന തടി എന്നിവ പൊലീസ് അന്ന് പിടിച്ചെടുത്തിരുന്നു.