India National

ഇന്ത്യയില്‍ നിര്‍മിച്ച സ്പുട്നിക് വാക്സിന് സി.ഡി.എല്ലിന്‍റെ വിതരണാനുമതി

ഇന്ത്യയില്‍ നിര്‍മിച്ച സ്പുട്നിക് വാക്സിന്‍റെ ആദ്യ ബാച്ചിന് സെന്‍ട്രല്‍ ഡ്രഗ്സ് ലബോറട്ടറി (സി.ഡി.എല്‍) യുടെ വിതരണാനുമതി. ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹെട്രോ ഡ്രഗ്സ് നിര്‍മിച്ച സ്പുട്നിക് വാക്സിന്‍റെ ആദ്യ ബാച്ചിനാണ് അനുമതി ലഭിച്ചിരിക്കുന്നത്.

നിലവില്‍ ആറ് ഇന്ത്യന്‍ കമ്പനികളാണ് റഷ്യന്‍ നിര്‍മിത കോവിഡ് വാക്സിനായ സ്പുട്നിക് രാജ്യത്ത് ഉത്പാദിപ്പിക്കുന്നത്. 85 കോടി ഡോസ് വാക്സിന്‍ നിര്‍മിക്കാനാണ് ഇന്ത്യന്‍ കമ്പനികള്‍ തയ്യാറെടുക്കുന്നത്. ലോകത്ത് വിതരണം ചെയ്യുന്ന സ്പുട്നിക് വാക്സിന്‍റെ 70 ശതമാനവും ഇന്ത്യയില്‍ നിന്നായിരിക്കുമെന്ന് റഷ്യന്‍ പ്രതിനിധി നേരത്തെ അറിയിച്ചിരുന്നു.

അതേസമയം, 2,10,000 ഡോസ് സ്പുട്നിക് വാക്സിന്‍ ഇതുവരെ ഇന്ത്യയില്‍ ഇറക്കുമതി ചെയ്തതായി റഷ്യ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ഏപ്രില്‍ മാസത്തിലായിരുന്നു സ്പുട്നിക് വാക്സിന്‍റെ അടിയന്തര ഉപയോഗത്തിന് ഡ്രഗ്സ് കണ്‍ട്രോളര്‍ അനുമതി നല്‍കിയത്.