കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കുന്നതിൽ തീരുമാനം വൈകാതെയുണ്ടാകും. നാളെ അശോക് ചവാൻ റിപ്പോർട്ട് സമർപ്പിക്കുന്നതിന്റെ തുടർച്ചയായാകും പ്രഖ്യാപനമുണ്ടാകുക. അധ്യക്ഷ ചുമതല താത്്ക്കാലികമായി മറ്റാർക്കെങ്കിലും നൽകണമെന്ന എ, ഐ ഗ്രൂപ്പുകളുടെ ആവശ്യം കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി തള്ളി.
അധ്യക്ഷനായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ നിസഹകരണം അശോക് ചവാൻ സമിതിയുടെ പ്രവർത്തനത്തെ ബാധിച്ചിരുന്നു. ഇക്കാര്യം കോൺഗ്രസ് അധ്യക്ഷയെ അശോക് ചവാൻ തന്നെയാണ് അറിയിച്ചത്. മുല്ലപ്പള്ളി മൊഴി നൽകാത്ത സാഹചര്യത്തിൽ തനിക്ക് നൽകിയ കത്ത് കെപിസിസി അധ്യക്ഷന്റെ നിലപാടായി പരിഗണിക്കാൻ സോണിയാ ഗാന്ധി നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കുന്നത്. അതേസമയം രമേശ് ചെന്നിത്തല ദേശീയ അധ്യക്ഷയ്ക്ക് എഴുതിയെന്ന് പറയുന്ന കത്തിനെക്കുറിച്ചുള്ള വിവാദം തുടരുകയാണ്.
അശോക് ചവാൻ സമിതി നാളെ തന്നെ റിപ്പോർട്ട് എഐസിസിക്ക് കൈമാറും. ഇതിന് പിന്നാലെ തന്നെ കെപിസിസി അധ്യക്ഷസ്ഥാനം എഐസിസി പ്രഖ്യാപിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ ഐ എ ഗ്രൂപ്പുകളുടെ ആവശ്യപ്രകാരം അധ്യക്ഷചുമതല താത്ക്കാലികമായി ആർക്കും നൽകില്ല. ചുരുങ്ങിയ ദിവസത്തേക്ക് മാത്രം അധ്യക്ഷചുമതല മറ്റാർക്കും നൽകേണ്ടെന്നാണ് കോൺഗ്രസ് അധ്യക്ഷയുടെ തീരുമാനം. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി വഴി നിലപാട് കേരളത്തിലെ ഗ്രൂപ്പുകളെ അറിയിച്ചിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ പരാജയ വിഷയത്തിൽ ചവാൻ സമിതി എ.കെ ആന്റണിയുടെ നിലപാടും രേഖപ്പെടുത്തിയിട്ടുണ്ട്.