India Kerala

ശബരിമലയില്‍ വീണ്ടും വനംവകുപ്പും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും തമ്മില്‍ തുറന്ന പോര്

ഒരു ഇടവേളയ്ക്ക് ശേഷം ശബരിമലയില്‍ വനംവകുപ്പും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും തമ്മില്‍ തുറന്ന പോര് ആരംഭിച്ചു. പമ്പയില്‍ അടിഞ്ഞ മണല്‍ ദേവസ്വം ബോര്‍ഡ് നീക്കം ചെയ്തതിന് 6 കോടി 67 ലക്ഷം രൂപ വനം വകുപ്പ് ആവശ്യപ്പെട്ടതാണ് പുതിയ തര്‍ക്കത്തിന് കാരണം.

പ്രളയത്തില്‍ പമ്പ തീരത്ത് അടിഞ്ഞതില്‍ ഒരു ലക്ഷം ചതുരശ്ര അടി മണല്‍ വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ദേവസ്വം ബോര്‍ഡിന് വിട്ടുനല്‍കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചിരുന്നു. ഇതു പ്രകാരമുള്ള മണല്‍ ദേവസ്വം സംഭരിക്കുകയും ചെയ്തു. എന്നാല്‍ മണലിന് പ്രതിഫലമായി 6.67 കോടി രൂപ അടയ്ക്കണമെന്നാവശ്യപ്പെട്ട് വനം വകുപ്പ് നോട്ടീസ് അയക്കുകയായിരുന്നു.

ഇക്കാര്യത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് അയച്ചതായും ചില ഉദ്യോഗസ്ഥരുടെ മാനസികാവസ്ഥയാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞു. ശബരിമലയിലേക്ക് റോപ്പ് വേ നിര്‍മിക്കുന്നതിനും സ്ഥലം ലഭ്യമാക്കുന്നതിനും വനം വകുപ്പ് തടസവാദങ്ങള്‍ ഉന്നയിക്കുകയാണെന്നും പത്മകുമാര്‍ ആരോപിച്ചു. സോയില്‍ ടെസ്റ്റ് നടത്താന്‍ അനുമതി ലഭിച്ചിട്ടില്ല. തൂണുകള്‍ സ്ഥാപിക്കാന്‍ ഭൂമി ലഭിച്ചാല്‍ നിര്‍മാണം തുടങ്ങി 18 മാസത്തിനകം പദ്ധതി പൂര്‍ത്തിയാക്കുമെന്നും പത്മകുമാര്‍ പറഞ്ഞു.

പെരിയാര്‍ സംരക്ഷിത വനത്തില്‍ 95 ഏക്കര്‍ ഭൂമി ദേവസ്വത്തിന് അവകാശപ്പെട്ടതാണ്. ഇതു പ്രകാരമാണ് സംയുക്ത സര്‍വേ നടത്തിയത്. സര്‍വേ പ്രകാരമുള്ള ഭൂമി ദേവസ്വത്തിന് കിട്ടിയേ മതിയാകൂ എന്ന് പത്മകുമാര്‍ പറഞ്ഞു. ഭൂമി വിഷയത്തില്‍ ദേവസ്വത്തോട് അനുകൂല നിലപാട് സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ഹൈപ്പവര്‍ കമ്മിറ്റിയില്‍ വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നത്.