ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ സാക്ഷി പറഞ്ഞ കന്യാസ്ത്രീക്ക് വധഭീഷണി. മൊഴിമാറ്റാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും, മൊഴികൊടുത്തതിന്റെ പേരില്‍ മാനസികമായി പീഡിപ്പിക്കുന്നതായും സിസ്റ്റര്‍ ലിസി വടക്കേയിലിന്റെ വെളിപ്പെടുത്തല്‍. മഠത്തിനുളളില്‍ നേരിടുന്നത് തടങ്കല്‍ ജീവിതമാണെന്നും സിസ്റ്റര്‍ ലിസി വ്യക്തമാക്കി.
ബിഷപ്പിനെതിരെ നല്‍കിയ മൊഴി മാറ്റാന്‍ ആവശ്യപ്പെട്ട് നിരന്തരം സമ്മര്‍ദ്ദം ചെലുത്തുന്നുവെന്നും മൊഴികൊടുത്തതിന്റെ പേരില്‍ തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും സിസ്റ്റര്‍ ലിസി വടക്കേയില്‍ പറഞ്ഞു. വിജയവാഡ വിട്ട് കേരളത്തിലെത്തിയത് മരണ ഭയത്താലാണ്. വീണ്ടും സ്ഥലം മാറ്റിയത് സമ്മര്‍ദ്ദത്തിന്റെ ഭാഗമായിട്ടെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നും സിസ്റ്റര്‍ ലിസി വടക്കേയില്‍ പറഞ്ഞു.
മഠത്തിനുള്ളില്‍ താന്‍ നേരിടുന്നത് തടങ്കല്‍ ജീവിതമാണ്. ഭക്ഷണവും മരുന്നും നൽകുന്നില്ല. മരുന്നിന് പണം ചോദിച്ചപ്പോൾ മഠം അധികൃതർ തട്ടിക്കയറി. മഠത്തിലെ കന്യാസ്ത്രീകളെ മുഴവൻ മാറ്റി തന്നെ ഒറ്റപ്പെടുത്തിയെന്നും സിസ്റ്റര്‍ ലിസി വ്യക്തമാക്കി. തന്നെ മാനസിക രോഗിയാക്കി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നുണ്ട്. ബിഷപ്പിനെതിരെ സാക്ഷി പറഞ്ഞ കന്യാസ്ത്രീകളെ സ്ഥലം മാറ്റാൻ ശ്രമം നടത്തിയത് നേരത്തെ വൻ വിവാദങ്ങൾക്ക് കാരണമായിരുന്നു. അതിനു പിന്നാലെയാണ് സിസ്റ്റൽ ലിസിയുടെ പുതിയ വെളിപ്പെടുത്തൽ.