India National

അനാഥരായ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം, പ്രതിമാസം 2,500 രൂപ; കോവിഡ് ദുരിതത്തില്‍ ആശ്വാസ പ്രഖ്യാപനങ്ങളുമായി ഡല്‍ഹി സര്‍ക്കാര്‍

കോവിഡ് മഹാമാരിയില്‍ പ്രതിസന്ധി നേരിടുന്നവര്‍ക്കായി ഡല്‍ഹി സര്‍ക്കാരിന്‍റെ ആശ്വാസ പ്രഖ്യാപനങ്ങള്‍. കോവിഡില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. കുട്ടികള്‍ക്ക് 25 വയസാകുന്നതുവരെ പ്രതിമാസം 2,500 രൂപ വീതം നല്‍കുമെന്നും കെജ്രിവാള്‍ വ്യക്തമാക്കി. സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ ദുരിതമനുഭവിക്കുന്ന ദരിദ്ര കുടുംബങ്ങള്‍ക്ക് ഈ മാസം പത്തു കിലോ വീതം സൗജന്യ റേഷന്‍ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തിലെ മുഖ്യ വരുമാനക്കാരനെ നഷ്ടപ്പെട്ടവര്‍ക്ക് പ്രതിമാസം 2,500 രൂപ പെന്‍ഷന്‍ നല്‍കാനുള്ള പദ്ധതിയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. നിങ്ങളുടെ വിഷമം മനസ്സിലാക്കുന്നു. മരണപ്പെട്ടവരെ തിരികെ കൊണ്ടുവരാന്‍ സാധിക്കില്ല, എന്നാല്‍ ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് എല്ലാവിധ സാമ്പത്തിക പിന്തുണയും സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കോവിഡ് രോഗികളുടെ എണ്ണം അയ്യായിരത്തില്‍ താഴെയാണ്. 4482 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യതലസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 9403 പേര്‍ രോഗമുക്തരായി. 256 പേരാണ് മരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.89 ശതമാനമാണ്. അതേസമയം, കോവിഡ് വൈറസിന്‍റെ പുതിയ വകഭേദം കണ്ടെത്തിയ സിംഗപ്പൂരില്‍ നിന്നുള്ള വിമാന സർവീസുകൾ നിർത്തിവെക്കണമെന്ന് അരവിന്ദ് കെജ്രിവാള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. കുട്ടികളെ ​ഗുരുതരമായി ബാധിക്കുന്ന ഈ കോവിഡ് വകഭേദം ഇന്ത്യയിൽ മൂന്നാം തരം​ഗം ഉണ്ടാക്കാനിടയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതോടൊപ്പം കുട്ടികൾക്ക് വാക്സിൻ നൽകാനുള്ള നടപടികളുമായി മുന്നോട്ട് പോകണമെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടു.