Kerala

രണ്ട് പതിറ്റാണ്ടിന് ശേഷം കോട്ടയത്തിന് ഒരു സിപിഎം മന്ത്രി

രണ്ടാം പിണറായി മന്ത്രിസഭയിലേക്ക് ഏറ്റുമാനൂർ എംഎല്‍എ വിഎന്‍ വാസവന്‍റെ പേരും പരിഗണിച്ചതോടെ കോട്ടയം ജില്ലയ്ക്ക് വീണ്ടുമൊരു ഒരു സിപിഎമ്മുകാരനായ മന്ത്രി കൂടി ഉണ്ടാകും. ടി കെ രാമകൃഷ്ണന്‍ മന്ത്രിയായതിന് ശേഷം രണ്ട് പതിറ്റാണ്ടുകൾ കഴിഞ്ഞാണ് കോട്ടയത്ത് നിന്ന് ഒരു സിപിഎം നേതാവ് മന്ത്രിസ്ഥാനത്തേക്ക് എത്തുന്നത്. 1996 ലെ നായനാര്‍ മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന ടി.കെ രാമകൃഷ്ണനായിരുന്നു കോട്ടയത്ത് നിന്നുള്ള അവസാന സിപിഎം മന്ത്രി. അതിന് ശേഷം എല്‍ഡിഎഫ് സർക്കാർ അധികാരത്തില്‍ എത്തിയ 2006ലും 2016ലും കോട്ടയത്ത് പാര്‍ട്ടിയില്‍ നിന്നും ആരെയും മന്ത്രിമാരായി പരിഗണിച്ചില്ല.

കഴിഞ്ഞ തവണ സുരേഷ് കുറുപ്പ് മന്ത്രിയാകുമെന്ന് ചർച്ചകള്‍ ഉണ്ടായിരുന്നെങ്കിലും പരിഗണനയില്‍ വന്നില്ല. എന്നാല്‍ ഇക്കുറി രണ്ടാം പിണറായി സർക്കാർ അധികാരത്തില്‍ എത്തുമ്പോള്‍ രണ്ട് പതിറ്റാണ്ടിന് ശേഷം ഒരു സിപിഎം നേതാവ് കൂടി കോട്ടയത്ത് നിന്ന് മന്ത്രിയാകും. കേരള കോണ്‍ഗ്രസിനെ മുന്നണിയില്‍ എത്തിച്ചതിന്‍റെ ചുക്കാന്‍ പിടിച്ച വി.എന്‍ വാസവന് തന്നെ നറുക്ക് വീണത് യാദൃശ്ചികവുമല്ല. വിദ്യാർത്ഥി യുവജന പ്രസ്ഥാനത്തിലൂടെയാണ് വി.എന്‍ വാസവന്‍ സജീവ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. ട്രെയ്‍ഡ് യൂണിയന്‍ നേതാവെന്ന നിലയില്‍ ശോഭിച്ച വാസവന്‍, കാരുണ്യ പ്രവർത്തനങ്ങളിലും തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 2006ല്‍ കോട്ടയത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. കോട്ടയം ജില്ലാ സെക്രട്ടറി എന്ന നിലയിലെ ആറ് വര്‍ഷത്തെ പ്രവര്‍ത്തന മികവ്. ഇതെല്ലാം പരിഗണിച്ച് തന്നെയാണ് വാസവനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നത്.