International

പെരുന്നാള്‍ ദിനത്തിലും ഗസ്സയെ ചോരയില്‍ മുക്കി ഇസ്രായേല്‍; കൊല്ലപ്പെട്ടവരുടെ എണ്ണം 69 ആയി

ഗസ്സക്ക് നേരെ ഇസ്രായേൽ സൈന്യം പെരുന്നാള്‍ ദിനത്തിലും ആക്രമണം തുടരുകയാണ്. കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 69 ആയെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവരിൽ 17 പേര്‍ കുട്ടികളാണ്. എട്ട് പേര്‍ സ്ത്രീകളും. 400ഓളം പേർക്ക് പരിക്കേറ്റു. ഹമാസ് ഗസ്സ സിറ്റി കമാൻഡർ ബസ്സിം ഇസ്രായേല്‍ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചു. ഹമാസിന്‍റെ ചില മുതിർന്ന നേതാക്കളും കൊല്ലപ്പെട്ടിട്ടുണ്ട്. ഗസ്സ സിറ്റിയിലെ ടെൽ അൽ ഹവയിൽ ഗർഭിണിയും കുഞ്ഞും ആക്രമണത്തിൽ കൊല്ലപ്പെട്ടു.

മൂന്നാമത്തെ ഗസ്സ ടവർ ഇസ്രായേൽ മിസൈൽ ഉപയോഗിച്ച് തകർത്തതിന് പിന്നാലെ ഹമാസ് പ്രത്യാക്രമണം നടത്തി. 1500ഓളം റോക്കറ്റുകൾ ഗസ്സയിൽ നിന്ന് തങ്ങളെ ലക്ഷ്യമിട്ട് വന്നതായാണ് ഇസ്രായേൽ സേന പറയുന്നത്. ഒരു കുട്ടി ഉൾപ്പെടെ ആറ് ഇസ്രായേൽ പൗരന്മാർ കൊല്ലപ്പെട്ടെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഇ​സ്രാ​യേ​ലി പൗ​ര​ൻ കൊ​ല്ല​പ്പെ​ട്ട ലോ​ദ്​ ന​ഗ​ര​ത്തി​ൽ അ​ടി​യ​ന്ത​രാ​വ​സ്​​ഥ പ്ര​ഖ്യാ​പി​ച്ചു.

അക്രമണം കടുപ്പിക്കുമെന്ന് നെതന്യാഹു, എങ്കില്‍ തിരിച്ചടിക്കുമെന്ന് ഹമാസ് ഗ​സ്സ​ക്ക്​ നേ​രെ​യു​ള്ള ആ​ക്ര​മ​ണം ശക്തമാക്കുമെന്ന്​ ഇസ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെഞ്ചമിൻ നെ​ത​ന്യാ​ഹു പറഞ്ഞു. അതാണ് ഇസ്രായേലിന്റെ തീരുമാനമെങ്കിൽ അതേ നാണയത്തിൽ തിരിച്ചടിക്കുമെന്ന് ഹമാസ് ഹമാസ് നേതാവ് ഇസ്മായിൽ ഹാനിയ പറഞ്ഞു. സംഘർഷം അവസാനിപ്പിക്കണമെന്ന് അന്താരാഷ്ട്ര സമൂഹം ആവശ്യപ്പെടുന്നതിനിടെയാണ് ആക്രമണം വർധിപ്പിക്കുമെന്ന് നെതന്യാഹു പറഞ്ഞത്. 2014നു​ശേ​ഷം ഇത് ആദ്യമായാണ് ഗസ്സയില്‍ ഇത്രയധികം സംഘര്‍ഷമുണ്ടാകുന്നത്. ഇതിനിടെ ഇസ്രായേലിനെ പരോക്ഷമായി ന്യായീകരിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഇസ്രായേലിന് സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടെന്ന് ബൈഡൻ വാർത്താകുറിപ്പിൽ പറഞ്ഞു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി താൻ ഫോണിൽ സംസാരിച്ചിട്ടുണ്ടെന്നും സംഘർഷം പെട്ടെന്ന് അവസാനിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. “ജെറുസലമിനും തെൽ അവീവിനും നേരെ ഹമാസും മറ്റ് ഭീകര സംഘടനകളും നടത്തുന്ന അക്രമങ്ങളെ ബൈഡൻ അപലപിച്ചു. ഇസ്രായേലിന്റെ സുരക്ഷക്കും പ്രതിരോധത്തിനുള്ള അവകാശത്തിനും പൂർണ പിന്തുണ നൽകുന്നതായും അദ്ദേഹം വ്യക്തമാക്കി” – യുഎസ് പ്രസിഡന്റിന്റെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

ബൈഡന്റെ ഇസ്രായേൽ അനുകൂല നിലപാടിനെതിരെ അദ്ദേഹത്തിന്റെ പാർട്ടിയിൽ തന്നെയുള്ള ജനപ്രതിനിധികൾ രംഗത്തു വന്നിട്ടുണ്ട്. ഇസ്രായേലിന്റെ അക്രമങ്ങളെ കണ്ടില്ലെന്നു നടിക്കുന്നത് ശരിയല്ലെന്നും സമാധാനം പുനഃസ്ഥാപിക്കാൻ ഇടപെടണമെന്നും 25 എംപിമാർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.