Weather

തിരുവനന്തപുരത്ത് ഇന്നലെ രാത്രിയുണ്ടായ കനത്തമഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി

വൈകീട്ട് ആറരയോടെ തുടങ്ങിയ തുടർച്ചയായ മഴയിൽ തലസ്ഥാന നഗരം മുങ്ങി. തമ്പാനൂരിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലും റയിൽവേ സ്റ്റേഷനിലും എസ് എസ് കോവിൽ റോഡിലും രൂക്ഷമായ വെളളക്കെട്ടുണ്ടായി. തിരുമല വലിയവിള റോഡിലും ഗതാഗതം തടസ്സപ്പെട്ടു. തമ്പാനൂരിൽ കാറിനുളളിൽ കുടുങ്ങിയ ആളെ ഫയർഫോഴ്സെത്തി രക്ഷപെടുത്തി. തിരുവനന്തപുരം നഗരത്തിൽ മാത്രം രണ്ടര മണിക്കൂറിൽ 79 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി. ലോക്ഡൗൺ ആയത് കാരണം വാഹനങ്ങളും ആളുകളും കുറവായതിനാൽ കാര്യമായ അപകടങ്ങളൊന്നും ഉണ്ടായില്ല. നഗരത്തിൽ ആരെങ്കിലും അപകടത്തിൽപെട്ടിട്ടുണ്ടോയെന്നത് ഉൾപ്പെടെ ഫയർഫോഴസ് സംഘം പരിശോധന നടത്തി. സംസ്ഥാനത്ത് വരും ദിവസങ്ങളിലും അതിശക്തമായ മഴയ്ക്കും കാറ്റിനും കടലാക്രമണത്തിനും സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പുണ്ട്. ന്യൂനമർദം ചുഴലിക്കാറ്റായി മാറാൻ സാധ്യതയുള്ളതിനാൽ മറ്റന്നാൾ മുതൽ കേരള തീരത്ത് നിന്ന് കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്.