India Kerala

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം: റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ച് എല്ലാ ദിവസവും റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം. ചട്ടം ലംഘിക്കുന്ന പോസ്റ്ററുകളും ബോര്‍ഡുകളും മാറ്റാനും തെഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. നോഡല്‍ ഓഫീസറായി ജോയിന്‍റ് ചീഫ് ഇലക്ട്രൽ ഓഫീസർ കെ. ജീവൻബാബുവിനെയും നിയോഗിച്ചു.

ഓരോ ദിവസവും ജില്ലകളിൽ സ്വീകരിക്കുന്ന നടപടിയുടെ റിപ്പോർട്ടാണ് ജില്ലാ കലക്ടർമാർ നൽകേണ്ടത്. എല്ലാ ദിവസം വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി തെരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇവ പരിശോധിക്കുന്നതിന് നോഡൽ ഓഫീസറായി ജോ. ചീഫ് ഇലക്ട്രൽ ഓഫീസർ കെ. ജീവൻ ബാബുവിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമെ മതപരമായ ചിഹ്നങ്ങൾ, ചിത്രങ്ങൾ എന്നിവ ഉപയോഗിച്ച് പ്രചാരണം നടത്തുന്നത് സംബന്ധിച്ച പരാതികളും നോഡൽ ഓഫീസർ പരിശോധിക്കും.

പൊതുനിരത്തുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങൾ, പൊതുഗതാഗത സംവിധാനങ്ങൾ എന്നിവിടങ്ങളിൽ പെരുമാറ്റച്ചട്ടം ലംഘിക്കുന്ന വിധത്തിൽ സ്ഥാപിച്ചിട്ടുള്ള പരസ്യങ്ങൾ ഉടനടി നീക്കം ചെയ്യും. ചട്ടം ലംഘിച്ച് സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ, പോസ്റ്ററുകൾ, മറ്റു പ്രചാരണ സാമഗ്രികൾ എന്നിവ നീക്കം ചെയ്യാൻ നേരത്തെ തന്നെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ നിർദ്ദേശം നൽകിയിരുന്നു. വരും ദിവസങ്ങളില്‍ ജില്ലകളിൽ ഫ്ലയിംഗ് സ്‌ക്വാഡുകൾ കാര്യക്ഷമമായി പ്രവർത്തിക്കും.