സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വാളയാര്‍ അതിര്‍ത്തി കടന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍. ബംഗാളിലും അസാമിലുമൊക്കെയുള്ളവരാണ് സ്വദേശത്തേക്ക് സ്വകാര്യ ബസുകളില്‍ മടങ്ങുന്നത്. കേരളത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാന്‍ തൊഴിലുടമകളാവശ്യപ്പെട്ടതോടെയാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ മടങ്ങുന്നത്. ബംഗാള്‍, അസം സ്വദേശികളാണ് തിരികെ പോകുന്നവരില്‍ അധികവും.
ട്രെയിന്‍ ടിക്കറ്റ് വേഗത്തില്‍ കിട്ടാനുള്ള സാഹചര്യമില്ലാത്തതിനാല്‍ സ്വകാര്യ ബസുകളെയാണ് പലരും ആശ്രയിക്കുന്നത്. 4000 രൂപ വരെയാണ് ബംഗാളിലെത്താനുള്ള ടിക്കറ്റ് നിരക്ക്. നാല് ദിവസമെടുത്താണ് നാട്ടിലെത്തുക. കൊവിഡിന് ശമനമാകുമ്പോള്‍ മടങ്ങിയെത്താനാണ് തൊഴിലാളികളുടെ തീരുമാനം.