സംസ്ഥാനത്ത് രോഗ വ്യാപനം വീണ്ടും കൂടിയേക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാം തരംഗത്തിൽ ഗ്രാമങ്ങളിൽ രോഗം കൂടുന്നുണ്ട്. ഇതാണ് മരണ സംഖ്യ വര്‍ധിക്കാന്‍ കാരണമായത്. നിയന്ത്രണങ്ങൾ വിട്ടുവീഴ്ചയില്ലാതെ ഗ്രാമങ്ങളിലും നടപ്പാക്കണം. 50 ശതമാനം പേർക്ക് രോഗം പകർന്നത് വീടുകളിൽ നിന്നാണെന്ന് പഠനം തെളിയിക്കുന്നതായും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കുട്ടികളുമായും വയോജനങ്ങളുമായും ഇടപഴകുമ്പോൾ ശ്രദ്ധിക്കണം. സാധനം വാങ്ങുമ്പോൾ അടുത്തുള്ള കടകളിൽ നിന്ന് കുറഞ്ഞ സമയത്തിനുള്ളിൽ വാങ്ങണം. വീട്ടിലെ ജനലുകൾ തുറന്നിട്ട് വായു സഞ്ചാരം ഉറപ്പുവരുത്തണം. ആളുകൾ നിരന്തരം സ്പർശിക്കുന്ന സ്ഥലങ്ങൾ ഇടക്കിടെ സാനിറ്റൈസ് ചെയ്യണം. ഗൃഹസന്ദർശനം ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് രണ്ടു ദിവസത്തേക്കു കൂടിയുള്ള 2.40 ലക്ഷം വാക്സിൻ കൂടി സ്റ്റോക്കുണ്ട്. കൂടുതൽ വാക്സിൻ എത്തുമെന്നാണ് പ്രതീക്ഷ. 73,38,860 ഡോസ് വാക്സിനാണ് കേന്ദ്രം നൽകിയത്. നല്ല രീതിയിൽ വാക്സിൻ മുഴുവനായും ഉപയോഗിച്ചു. അതീവ ശ്രദ്ധയോടെയാണ് സംസ്ഥാനത്ത് വാക്സിൻ വിതരണം ചെയ്യുന്നത്. ഇത് കേരളത്തിലെ ആരോഗ്യ പ്രവർത്തകരുടെ മിടുക്കു കൊണ്ടാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
രോഗം വ്യാപിക്കുമ്പോള്‍ പരമാവധി ആളുകളെ വാക്സിനേറ്റ് ചെയ്യുക അനിവാര്യമാണ്. എല്ലാ വാക്സിനും നൽകേണ്ട ഉത്തരവാദിത്തം കേന്ദ്രത്തിനാണ്. ആ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു മാറുന്നത് ഒരു തരത്തിലും ശരിയല്ലെന്നും വാക്സിൻ സൗജന്യമായി നൽകണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പുതുതായി 11 സ്വകാര്യ ആശുപത്രികൾ കൂടി കാരുണ്യ പദ്ധതിയുടെ ഭാഗമായിട്ടുണ്ട്. ഇതിലൂടെ കൂടുതൽ ആളുകൾക്ക് സൗജന്യ ചികിത്സ ലഭിക്കും. തിരുവനന്തപുരം ജില്ലയിൽ ഓക്സിജൻ ലഭ്യത ഉറപ്പാക്കാൻ മെഡിക്കൽ ഓക്സിജൻ സംഭരണം ആരംഭിച്ചു. ആരോഗ്യകേന്ദ്രങ്ങളിലും കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലും ഓക്സിജൻ സുഗമമായി എത്തുന്നുണ്ടോ എന്നു നോക്കാൻ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.