പശ്ചിമബംഗാൾ മുഖ്യമന്ത്രിയായി മമതാ ബാനർജി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. തുടർച്ചയായ മൂന്നാം തവണയാണ് മമത മുഖ്യമന്ത്രിയാവുന്നത്. രാവിലെ രാജ് ഭവനിലാണ് ചടങ്ങുകൾ. അതിനിടെ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷമുള്ള അക്രമങ്ങൾ തുടരുകയാണ്. രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹരജി നൽകി. ഇൻഡിക് കലക്റ്റിവ് ട്രസ്റ്റ് എന്ന സംഘടനയാണ് ഹരജി നൽകിയത്. എതിരാളികളെ അപ്രസക്തരാക്കി 292 സീറ്റിൽ 213 നേടി വൻ ഭൂരിപക്ഷത്തോട ഭരണം നിലനിർത്തിയ മമത, ഹാട്രിക് വിജയത്തോടെയാണ് ഇന്ന് അധികാരമേൽക്കുകയാണ്. രാവിലെ 10.45 ന് രാജ് ഭവനിൽ ലളിതമായി നടക്കുന്ന ചടങ്ങിൽ ഗവർണർ ജഗദീപ് ദങ്കർ സത്യവാചകം ചൊല്ലികൊടുക്കും. മമതാ ബാനർജി മാത്രമായിരിക്കും ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക. മന്ത്രിമാരുടെ സത്യപ്രതിജ്ഞ പിന്നീടാകും.
രാജ്യത്തെ നിലവിലെ കോവിഡ് സ്ഥിതി കണക്കിലെടുത്ത് മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും മറ്റ് രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളെയും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ല. ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ, പ്രതിപക്ഷ നേതാവ് അബ്ദുൾ മന്നൻ, സിപിഐ (എം) മുതിർന്ന നേതാവ് ബിമാൻ ബോസ് , ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി എന്നിവർക്ക് ക്ഷണമുണ്ട്. അതേസമയം നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയുണ്ടായ സംഘർഷം ബംഗാളിൽ തുടരുകയാണ്. അക്രമം സംഭവം തുടരുന്ന ബംഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഇൻഡിക് കലക്റ്റിവ് ട്രസ്റ്റ് എന്ന സംഘടന ഹരജി നൽകി. സംസ്ഥാനത്തെ ഭരണഘടനാ സംവിധാനം തകർന്നതായി സുപ്രീം കോടതി പ്രഖ്യാപിക്കണമെന്നാണ് ഹരജിയിൽ ആവശ്യം. രണ്ട് ദിവസത്തിനിടെയുണ്ടായ വ്യത്യസ്ത അക്രമണങ്ങളിൽ ബി.ജെ.പി, സി.പി.എം, ഐ.എസ് എഫ് പ്രവർത്തകരടക്കം 14 പേർ കൊല്ലപ്പെട്ടു. നിരവധി പാർട്ടി ഓഫീസുകൾ തകർക്കപ്പെട്ടു. ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ. പി നദ്ദ പരിക്കേറ്റവരെ സന്ദരശിച്ചു. ആക്രമണത്തിൽ പ്രതിഷേധിച്ച് ബിജെപി ഇന്ന് രാജ്യവ്യാപക ധർണ നടത്തുന്നുണ്ട്. അതിനിടെ ബംഗാളിലേക്ക് വസ്തുതാന്വേഷണ സംഘത്തെ അയക്കുമെന്ന് ദേശീയ മനുഷ്യവകാശ കമ്മീഷനും വ്യക്തമാക്കി.