Kerala

കഴിഞ്ഞ തെരഞ്ഞെടുപ്പിലെ സീറ്റ് നില ആവര്‍ത്തിച്ച് മലപ്പുറം

നിയമസഭാ തെരഞ്ഞെടുപ്പില്‍ 2016ലെ സീറ്റ് നില ആവര്‍ത്തിച്ച് മലപ്പുറം. ആകെയുള്ള 16 മണ്ഡലങ്ങളില്‍ 12 മണ്ഡലങ്ങള്‍ യുഡിഎഫും, 4 സിറ്റിംഗ് സീറ്റുകള്‍ എല്‍ഡിഎഫും നിലനിര്‍ത്തി. പൊന്നാനിയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ ഭൂരിപക്ഷം വര്‍ധിപ്പിച്ചത് എല്‍ഡിഎഫിന് ആശ്വാസമായി.

ജില്ലയില്‍ സമ്പൂര്‍ണ ആധിപത്യമാണ് യുഡിഎഫ് ലക്ഷ്യമിട്ടിരുന്നത്. എല്‍ഡിഎഫ് സിറ്റിംഗ് സീറ്റുകളായ താനൂരിലും, തവനൂരിലും വോട്ടെണ്ണലിന്റെ അവസാന നിമിഷം വരെ ലീഡ് നില മാറി മറിഞ്ഞെങ്കിലും ഒടുവില്‍ മണ്ഡലം നിലനിര്‍ത്താനായത് എല്‍ഡിഎഫിന് ആശ്വാസമായി. ഫോട്ടോ ഫിനിഷിന് ഒടുവില്‍ ചെറിയ ഭൂരിപക്ഷത്തിനായിരുന്നു താനൂരില്‍ വി അബ്ദുറഹ്മാന്റെ വിജയം. നിലമ്പൂരില്‍ പിവി അന്‍വറിന്റെയും തവനൂരില്‍ കെടി ജലീലിന്റെയും ലീഡ് കുറഞ്ഞെങ്കിലും മണ്ഡലത്തില്‍ നിന്ന് ജയിച്ച് കയറി ഇരുവരും എല്‍ഡിഎഫിന്റെ പ്രതീക്ഷ കാത്തു.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തോടെ പരസ്യ പ്രതിഷേധം ഉടലെടുത്ത പൊന്നാനിയില്‍ യുവ സ്ഥാനാര്‍ത്ഥിയിലൂടെ അട്ടിമറി ജയം പ്രതീക്ഷിച്ച യുഡിഎഫിന് പിഴച്ചു. പി നന്ദകുമാര്‍ ലീഡ് വര്‍ധിപ്പിച്ചാണ് പൊന്നാനിയില്‍ നിന്നും നിയമസഭയിലെത്തുന്നത്. മുസ്ലീം ലീഗ് അനായാസ വിജയം പ്രതീക്ഷിച്ച പെരിന്തല്‍മണ്ണയില്‍ സംസ്ഥാനത്തെ തന്നെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിനാണ് യൂത്ത് ലീഗ് നേതാവ് നജീബ് കാന്തപുരം ജയിച്ചു കയറിയത്. 38 വോട്ടുകള്‍ക്കായിരുന്നു നജീബ് കാന്തപുരത്തിന്റെ വിജയം.

എല്‍ഡിഎഫ് വിജയപ്രതീക്ഷ പുലര്‍ത്തിയ തിരൂരങ്ങാടിയിലും, മങ്കടയിലും ലീഡ് വര്‍ധിപ്പിച്ചായിരുന്നു യുഡിഎഫിന്റെ വിജയം. ഏറനാടും, കൊണ്ടോട്ടിയിലും, വള്ളിക്കുന്നിലും,കോട്ടക്കലിലും,തിരൂരിലും,മലപ്പുറത്തും വലിയ ഭൂരിപക്ഷങ്ങള്‍ക്ക് ആയിരുന്നു മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥികളുടെ വിജയം. പികെ കുഞ്ഞാലിക്കുട്ടി മത്സരിച്ച വേങ്ങരയിലും, മുസ്ലീം ലീഗ് കോട്ടയായ മഞ്ചേരിയിലെ യു എ ലത്തീഫിന്റെയും ഭൂരിപക്ഷം കുറഞ്ഞു. ലോക്‌സഭാംഗത്വം രാജി വച്ചത് സജീവ ചര്‍ച്ചയായ തെരഞ്ഞെടുപ്പില്‍ മുപ്പതിനായിരത്തിന് മുകളില്‍ ഭൂരിപക്ഷത്തിനാണ് വേങ്ങരയില്‍ നിന്ന് കുഞ്ഞാലിക്കുട്ടി ഒരിക്കല്‍ കൂടി തെരഞ്ഞെടുക്കപ്പെട്ടത്.

മുസ്ലീം ലീഗിന്റെ കോട്ടകളില്‍ വെന്നിക്കൊടി പാറിക്കുമെന്ന് അവകാശപ്പെട്ട എല്‍ഡിഎഫിനും, ജില്ലയില്‍ സമ്പൂര്‍ണ ആധിപത്യമുണ്ടാകുമെന്ന് ഉറപ്പിച്ച യുഡിഎഫിനും ഈ തെരഞ്ഞെടുപ്പില്‍ നേട്ടം അവകാശപ്പെടാനാകില്ല. മലപ്പുറത്ത് നഷ്ടങ്ങളുണ്ടായില്ലെന്ന ആശ്വാസമാണ് ഇരു മുന്നണികള്‍ക്കും.