ഇന്ത്യയിലെ കൊവിഡ് സാഹചര്യം ഹൃദയഭേദകത്തിനും അപ്പുറമെന്ന് ലോകാരോഗ്യ സംഘടന. കൊവിഡ് വ്യാപനം തടഞ്ഞുനിർത്താൻ ഇന്ത്യക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകും. ഓക്സിജൻ കണ്ടൈനറുകളും മറ്റ് അവശ്യ ഉപകരണങ്ങളും ഇന്ത്യയിലേക്ക് അയക്കുമെന്നും ലോകാരോഗ്യ സംഘടന ചീഫ് തെദ്രോസ് ഗബ്രിയേസസ് പറഞ്ഞു.
രാജ്യത്ത് അതിതീവ്ര കൊവിഡ് വ്യാപനം തുടരുകയാണ്. 24 മണിക്കൂറിനിടെ 3,52,221 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2,812 മരണവും സ്ഥിരീകരിച്ചു. 28 ലക്ഷത്തിലധികം പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.
തുടർച്ചയായ അഞ്ചാം ദിവസമാണ് രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം മൂന്ന് ലക്ഷം കടക്കുന്നത്. രാജ്യത്ത് ഇതുവരെ 1,73,13,163 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,43,04,382 പേർ രോഗമുക്തി നേടി. കൊവിഡ് ബാധിച്ച് 1,95,123 പേർക്ക് ജീവൻ നഷ്ടമായി. ഇന്നലെ വരെ 14,19,11,223 പേർ വാക്സിൻ സ്വീകരിച്ചതായി കേന്ദ്രസർക്കാർ അറിയിച്ചു.
പകുതിയിലേറേ പുതിയ കേസുകളും മഹാരാഷ്ട്ര, കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ്. 66191 പേർക്കാണ് മഹാരാഷ്ട്രയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത്. ഉത്തർപ്രദേശ് 35,311, കർണാടക 34,804, കേരളം 28,269, ഡൽഹി 22,933 എന്നിങ്ങനെയാണ് കേസുകൾ റിപ്പോർട്ട് ചെയ്തത്.