Kerala

മേയ് രണ്ടിന് ലോക്ക്ഡൗൺ വേണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

വോട്ടെണ്ണൽ ദിനമായ മേയ് രണ്ടിന് ലോക്ക്ഡൗൺ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കൊറോണ വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ മേയ് രണ്ടിലെ വിജയാഹ്ലാദ പ്രകടനങ്ങളടക്കം തടയണമെന്നും ലോക്ക്ഡൗൺ പ്രഖ്യാപിക്കണമെന്നുമാണ് ഹർജികളിലെ ആവശ്യം.

കഴിഞ്ഞ ദിവസം സർവകക്ഷി യോഗത്തിലെടുത്ത തീരുമാനങ്ങൾ സർക്കാർ കോടതിയെ അറിയിക്കും. ഫലപ്രഖ്യാപന ദിവസം വിജയാഹ്ലാദ പ്രകടനങ്ങൾ ഒഴിവാക്കുമെന്നും, വോട്ടെണ്ണൽ കേന്ദ്രത്തിൽ കൗണ്ടിങ് ഏജന്റുമാർ, മാധ്യമ പ്രവർത്തകർ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ എന്നതടക്കമുള്ള തീരുമാനങ്ങളാണ് സർവകക്ഷി യോഗത്തിലെടുത്തിട്ടുള്ളത്. കൊറോണ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഫലപ്രഖ്യാപന ദിനത്തിൽ നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തണമെന്നാവശ്യപ്പെട്ട് നിലവിൽ മൂന്ന് ഹർജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.

അതിനിടെ വാക്‌സിൻ വിതരണ നയത്തിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. പാലക്കാട് സ്വദേശി സി.പി പ്രമോദാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഒരേ വാക്‌സിന് വ്യത്യസ്ത വില ഈടാക്കുന്നത് വിവേചനമാണെന്ന് ഹർജിയിൽ പറയുന്നു. കൂടാതെ 45 വയസിൽ താഴെയുള്ളവർക്കുള്ള വാക്‌സിൻ വിതരണം തുടങ്ങാത്തത് ഭരണഘടനാ വിരുദ്ധമാണ്. കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ വാക്‌സിൻ വില നിയന്ത്രിക്കുവാനാവശ്യമായ നടപടികൾക്ക് കോടതി നിർദേശം നൽകണം. കേന്ദ്ര സർക്കാരിന് ലഭിക്കുന്ന വിലയ്ക്ക് തന്നെ സംസ്ഥാനങ്ങൾക്കും വാക്‌സീൻ ലഭ്യമാക്കണം. വാക്‌സീൻ നിർമാണക്കമ്പനികൾക്ക് വില നിർണയാവകാശം നൽകിയത് ഭരണഘടനാ വിരുദ്ധമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.