Kerala

വയനാട്ടിൽ സ്‌ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥികൾ മരിച്ചു

വയനാട് സുൽത്താൻ ബത്തേരിയിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് ചികിത്സയിലായിരുന്ന രണ്ട് വിദ്യാർത്ഥികൾ മരിച്ചു. ബത്തേരി കോട്ടക്കുന്ന് സ്വദേശി മുരളി, കുണ്ടുപറമ്പിൽ അജ്മൽ എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന വിദ്യാർത്ഥി ഫെബിൻ ഫിറോസ് ചികിത്സയിലാണ്

ബത്തേരി കുപ്പാടി കാരക്കണ്ടിക്ക് സമീപം ഈ മാസം 22നായിരുന്നു സംഭവം. ഉച്ചയ്ക്ക് ഒരു മണിയോടെ മണ്ണാർക്കാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ആളൊഴിഞ്ഞ ഷെഡ്ഡിനുള്ളിലാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തിൽ മുരളി, അജ്മൽ ഉൾപ്പെടെ പ്രദേശവാസികളായ മൂന്ന് വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. പൊളളലേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരവേയാണ് രണ്ട് വിദ്യാർത്ഥികൾ ഇന്ന് മരിച്ചത്. സ്‌ഫോടനത്തിൽ പരുക്കേറ്റ കാരക്കണ്ടി ജലീലിന്റെ മകൻ ഫെബിൻ ഫിറോസ് ചികിത്സയിലാണ്. മരിച്ച അജ്മൽ ഫെബിൻ ഫിറോസിന്റെ ബന്ധുവാണ്. ഫെബിന്റെ വീട്ടിൽ അവധിക്കാലമാഘോഷിക്കാനെത്തിയതാണ് അജ്മൽ. കണ്ണൂരിൽ നിന്നെത്തിയ സ്‌ഫോടക പരിശോധന വിദഗ്ധ സംഘത്തിന്റെ പരിശോധനയിൽ വെടിമരുന്നാണ് പെട്ടിത്തെറിച്ചതെന്ന് കണ്ടെത്തി. ആളൊഴിഞ്ഞ ഷെഡ്ഡിൽ വെടിമരുന്നെങ്ങനെ എത്തിയെന്നതിനെ കുറിച്ച് പൊലീസ് അന്വേഷിച്ചുവരികയാണ്. രണ്ട് വർഷം മുമ്പുവരെ പടക്ക ഗോഡൗണായിരുന്നു ഷെഡ്ഡ്.