കൊവിഡ് വാക്സിനേഷണുമായി ബന്ധപ്പെട്ട് വയോജനങ്ങള്‍ക്കുള്ള മാർഗ നിർദ്ദേശം പുതുക്കി ആരോഗ്യ വകുപ്പ്. വയോജനങ്ങൾക്കും,ഭിന്നശേഷിക്കാര്‍ക്കും വാക്സിനേഷൻ സെന്ററുകളിൽ പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി.
എല്ലാ ജില്ലാ വാക്സിനേഷന് ഓഫിസര്‍മാരും നിര്‍ദ്ദേശം പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. വാക്സിനേഷൻ കേന്ദ്രങ്ങളിൽ വയോജനങ്ങൾ ബുദ്ധിമുട്ടുന്നതായി പരാതി ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ നടപടി.
സംസ്ഥാനത്ത് ഇതുവരെ 68,27,750 ഡോസ് കൊവിഡ് വാക്സിനാണ് വിതരണം ചെയ്തത്. ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചത് 57,88,558 പേരാണ്. ഇതിൽ 10,39,192 പേർക്ക് രണ്ടാം ഡോസ് വാക്സിനും വിതരണം ചെയ്തു. നിലവിൽ കേരളത്തിൽ സ്റ്റോക്കുള്ളത് മൂന്നുലക്ഷം ഡോസ് വാക്സിൻ മാത്രമാണ്. രണ്ടു ദിവസത്തിനുള്ളിൽ കൂടുതൽ ഡോസുകൾ എത്തിയില്ലെങ്കിൽ വീണ്ടും വാക്സിനേഷൻ പ്രതിസന്ധിയുണ്ടാകും. ഇത് മറി കടക്കാൻ എത്രയും വേഗം സ്വന്തം നിലയിൽ കമ്പനികളിൽ നിന്ന് നേരിട്ട് വാക്സിൻ വാങ്ങാനുള്ള നടപടികൾ സർക്കാർ ഊർജിതമാക്കി.
അടിയന്തരമായി കൂടുതൽ വാക്സിൻ എത്തിച്ചില്ലെങ്കിൽ ശനിയാഴ്ച മുതൽ നൽകാൻ നിശ്ചയിച്ചിരിക്കുന്ന 18 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷൻ തുടങ്ങാനാകില്ല. നിലവിൽ മിക്ക ജില്ലകളിലും വാക്സിനേഷൻ ക്യാമ്പുകളുടെ എണ്ണം പരമാവധി കുറച്ചിട്ടുണ്ട്. ശനിയാഴ്ച വരെയുള്ള രജിസ്ട്രേഷനും പൂർത്തിയായി.