India

കൊവിഡ്: ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ജർമ്മനിയും ഇറ്റലിയും പ്രവേശനവിലക്കേർപ്പെടുത്തി

കൊവിഡ് നിരക്ക് ഉയർന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ജർമ്മനിയും ഇറ്റലിയും പ്രവേശനവിലക്കേർപ്പെടുത്തി. ഇന്ത്യയിൽ നിന്നുള്ള ജർമ്മൻകാർക്ക് മാത്രമേ ഇന്നു മുതൽ പ്രവേശനം അനുവദിക്കൂ. ജർമ്മൻ അധികൃതരുടെ അനുമതി ലഭിച്ച കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമാണ് പ്രവേശനം.

കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ ഇന്ത്യയിൽ കഴിഞ്ഞവർക്കാണ് ഇറ്റലി ഇന്നു മുതൽ പ്രവേശനം വിലക്കിയത്. അതേസമയം ഇന്ത്യയിലുള്ള ഇറ്റാലിയൻ പൗരൻമാർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുണ്ടെങ്കിൽ പ്രവേശനാനുമതി നൽകും. ഇവർ ക്വാറൻ്റീനിൽ പ്രവേശിക്കണം. കഴിഞ്ഞ 14 ദിവസത്തിനിടയിൽ ഇന്ത്യയിൽ നിന്നെത്തിയവർ നിരീക്ഷണത്തിൽ പോകണമെന്ന് ഇറ്റാലിയൻ ഹെൽത്ത് മിനിസ്റ്റർ റോബർട്ടോ സ്പെരൻസ അറിയിച്ചു.

രാജ്യത്ത് എത്തുന്നവർ നിർബന്ധമായും ക്വാറൻ്റീനിൽ പ്രവേശിക്കണമെന്ന് ഫെഡറൽ ആരോഗ്യമന്ത്രി അറിയിച്ചു. ഇന്ത്യക്കാർക്ക് അസാധാരണ സന്ദർഭത്തിൽ മാത്രമേ പ്രവേശനം അനുവദിക്കൂ എന്നും മന്ത്രി അറിയിച്ചു.

രാജ്യത്ത് കൊവിഡ് ബാധ രൂക്ഷമായി തുടരുകയാണ്. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഇന്നും മൂന്ന് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 3,49,691 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2,767 പേർ രോഗം ബാധിച്ച് മരിച്ചു. 2,17,113 പേർ രോഗമുക്തി നേടി. അഞ്ച് സംസ്ഥാനങ്ങളിൽ 53 ശതമാനമാണ് കൊവിഡ് ബാധിതർ.

രാജ്യത്ത് ഇതുവരെ 1,69,60172 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,40,85,110 പേർ രോഗമുക്തി നേടി. കൊവിഡ് ബാധിച്ച് 1,92,311 പേരാണ് ഇതുവരെ മരിച്ചത്. 26,82,751 പേർ നിലവിൽ രോഗം ബാധിച്ച് ചികിത്സയിലുണ്ട്.