Kerala

എറണാകുളത്ത് മതിയായ ഐസിയു ബെഡ്ഡുകൾ ഉറപ്പുവരുത്തിയെന്ന് കളക്ടർ എസ്. സുഹാസ്

എറണാകുളം ജില്ലയിൽ മതിയായ ഐസിയു ബെഡ്ഡുകൾ ഉറപ്പുവരുത്തിയെന്ന് കളക്ടർ എസ്. സുഹാസ്. പ്രശ്‌നം പരിഹരിക്കുന്നതിന് വേണ്ട അടിയന്തര നടപടികൾ സ്വീകരിച്ചു കഴിഞ്ഞു. പരമാവധി രോഗികളെ കണ്ടെത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ഏറ്റവും അധികം കൊവിഡ് രോഗികളുള്ള എറണാകുളത്ത് ഐസിയു ബെഡ്ഡുകൾക്ക് കടുത്ത ക്ഷാമമാണ് നേരിടുന്നത്. സർക്കാർ ആശുപത്രികളിലുള്ള 120 ഐസിയു ബെഡ്ഡുകളും സ്വകാര്യ ആശുപത്രികളിലെ നൂറ്റിയമ്പതോളം ഐസിയു ബെഡ്ഡുകളും നിറഞ്ഞു കഴിഞ്ഞു. ഓക്‌സിജൻ ബെഡ്ഡുകളിൽ തന്നെ ശേഷിക്കുന്നത് 200 എണ്ണം മാത്രമാണ്. കൂടുതൽ ഐസിയു ബെഡ്ഡുകൾ ഒരുക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ നീക്കം.

അതേസമയം, രജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് ജില്ലയിൽ ഇന്ന് വാക്‌സിൻ നൽകിയത്. 156 കേന്ദ്രങ്ങളിൽ 20,000 പേർക്ക് വാക്‌സിൻ നൽകുന്നുണ്ട്. ഇത് ഇടപ്പള്ളിയിൽ അടക്കം ചിലയിടങ്ങളിൽ വാക്‌സിൻ സ്വീകരിക്കാനെത്തിയവരുടെ പ്രതിഷേധത്തിന് ഇടയാക്കി.