ഉദയംപേരൂര്‍ കള്ളനോട്ട് കേസില്‍ കൂടുതല്‍ അറസ്റ്റ്. മൂന്ന് പേര് കൂടി കോയമ്പത്തൂരില്‍ പിടിയിലായി. 1,80,00000 രൂപയുടെ കള്ളനോട്ടും ഇവരുടെ കൈയില്‍ നിന്ന് പിടികൂടി. ഇവരെ ഇന്ന് തന്നെ എറണാകുളത്തെത്തിക്കും. കൂടുതല്‍ കള്ളനോട്ടുകള്‍ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ വിതരണം ചെയ്തിട്ടുണ്ടെന്നും നിരവധി കണ്ണികളുള്ള ശൃംഖലയാണിതെന്നും വിവരം.
ഉദയംപേരൂരിൽ മുൻപ് പൊലീസ് പിടിച്ചെടുത്ത കള്ളനോട്ടിന്റെ ഉറവിടം തേടിയുള്ള അന്വേഷണത്തിലാണ് കോയമ്പത്തൂരിലെ കള്ളനോട്ട് സംഘത്തെ കണ്ടെത്താനായത്. തൃശൂർ സ്വദേശി റഷീദ്, കോയമ്പത്തൂർ സ്വദേശികളായ സയീദ് സുൽത്താൻ, അഷ്റഫ് അലി എന്നിവരാണ് പിടിയിലായത്. രണ്ടായിരം നോട്ടിന്റെ 46 കെട്ടുകൾ ആയാണ് പണം സൂക്ഷിച്ചിരുന്നത്.
എ.ടി.എസ് ഡി.ഐ.ജി അനൂപ് കുരുവിളയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കഴിഞ്ഞ മാർച്ച് 28നാണ് ഉദയംപേരൂരിലെ വാടക വീട്ടിൽ താമസിച്ചിരുന്ന ചലച്ചിത്ര സഹസംവിധായകൻ പ്രിയൻ കുമാർ, കരുനാഗപ്പള്ളിയിലെ ഇയാളുടെ ബന്ധു വാസുദേവൻ, വാസുദേവന്റെ ഭാര്യ ധന്യ, ഇടനിലക്കാരൻ വിനോദ് എന്നിവർ കള്ളനോട്ടുമായി പൊലീസിൻ്റെ പിടിയിലായത്..
കോയമ്പത്തൂരിൽ നിന്നാണ് രണ്ടര ലക്ഷം രൂപയുടെ കള്ളനോട്ട് ലഭിച്ചതെന്ന് പ്രിയൻ കുമാർ മൊഴി നൽകിയിരുന്നു. ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കള്ളനോട്ട് സംഘത്തിലെ പ്രധാന കണ്ണികളെ കോയമ്പത്തൂരിൽ വെച്ച് പിടികൂടാനായത്. തെരഞ്ഞെടുപ്പ് സംഭാവനയായി രാഷ്ടീയ പാർട്ടികൾക്കും വിവാഹങ്ങൾക്ക് സമ്മാനമായും രണ്ടായിരത്തിന്റെ കള്ളനോട്ടുകൾ സംഘം നൽകിയിട്ടുണ്ട്.