India Kerala Pravasi Switzerland

കൊറോണ വൈറസ് – ലോക് ഡൗണിന്റെ ഒന്നാം വാർഷികവും ഇന്ത്യയിലെ സ്ഥിതിവിശേഷവും -ആന്റണി പനക്കൽ സ്വിറ്റ്സർലൻഡ്

കഴിഞ്ഞ വര്ഷം മാർച്ച് 24 ആം തീയതി ഒരു സായാഹ്നത്തിൽ പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്തു. കോവിഡ് പടരുന്ന പശ്ചാത്തലത്തിൽ, പാതിരാത്രിമുതൽ ലോക് ഡൗൺ പ്രഖ്യാപിച്ചു. ഇത്തരം ഒരു ബുദ്ധിശൂന്യമായ പ്രഖ്യാപനം ലോകത്തെ തന്നെ ഞെട്ടിച്ചു. പിറ്റേന്ന് ലോകം കാണുന്നത് അഭൂതപൂർവമായ ഒരു “പുറപ്പാട്” ആയിരുന്നു. ലക്ഷക്കണക്കിന് ജനങ്ങൾ, പ്രതെയ്കിച്ചു അന്യസംസ്ഥാന തൊഴിലാളികൾ റയിൽവേ പാലങ്ങളിലൂടെ കിലോമീറ്ററുകൾ നടന്നു സ്വന്തം നാട്ടിലേക്ക് പോകുന്ന ദാരുണമായ കാഴ്ച്ച!


ബുദ്ധി രഹിതമായ പ്രഖ്യാപനങ്ങൾ ഈ നാടിനു പുത്തരി അല്ലാതായി. നോട്ടു നിരോധനം മുതൽ ജനം അത് കണ്ടും കെട്ടും കൊണ്ടിരിക്കുന്നു.പിന്നീട്, ഒരു പകർച്ചവ്യാധിയെ തുരത്തുവാൻ പാത്രം കൊ ട്ടുവാനും, പന്തം കൊളുത്തുവാനും ആഹ്വാനിക്കുന്ന ഒരു രാഷ്ട്ര നേതാവിനെ വേറെ എവിടെ കാണുവാൻ കഴിയും?

ഒരു വര്ഷം പിന്നിടുമ്പോൾ ഇന്ന് ഇന്ത്യയിലെ സ്ഥിതി അതി ഗുരുതരാവസ്ഥയിലേക്കു മാറിയിരിക്കുന്നു. ആയിരക്കണക്കിന് ജനങ്ങൾ മരിച്ചു വീഴുമ്പോൾ അവരെ മാന്യമായി സംസ്കരിക്കുവാൻ പോലും സർക്കാരിന് കഴിയാത്ത അവസ്ഥ! അതിനിടെ വർഗ്ഗീയ പ്രീണനത്തിനായ് നടത്തിയ കുംഭ മേളയും അതിൽ പങ്കെടുക്കുന്ന – മാസ്കില്ലാതെ, സാമൂഹ്യ അകലം ഇല്ലാതെ – ലക്ഷോപലക്ഷം ജനങ്ങൾ, ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയും, സംസ്ഥാനത്തെ മുഖ്യ മന്ത്രീയും ഉൾപ്പെടെ – കോവിട് മഹാമാരിയെ രണ്ടു കൈയും നീട്ടി സ്വീകരിക്കുന്നത് നമ്മൾ കണ്ടു. ഉന്നത സ്ഥാനീയർക്കു ഉയർന്ന ആരോഗ്യ പരിചരണം കിട്ടുമ്പോൾ, സാധാരണ ജനം ഒരാശുപത്രീ കിടക്കയോ ഒരിറ്റു ഓക്സിജനോ കിട്ടാതെ മരണത്തെ വരിക്കുന്ന ദയനീയ കാഴ്ച.

വടക്കോട്ടു പോകേണ്ട. സംസ്കാര സമ്പന്നമായ കേരളത്തിൽ, ¨കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി മുഖ്യ മന്ത്രിയും, അല്പം വിവരം ഉള്ള ആരോഗ്യ മന്ത്രിയും (മുഖ്യൻ മരപ്പൊട്ടൻ ആണെന്ന് IAS കാരനായ പേഴ്സണൽ സെക്രട്ടറി വരെ പറഞ്ഞതായതു കൊണ്ട് ക്ഷമിക്കാം അല്ലെ?)എല്ലാ രാഷ്ട്രീയ പാർട്ടിക്കാരും പൊതു പരിപാടികളിൽ പങ്കെടുക്കുന്നതും അതിന്റെ റിസൾട്ട് ഇലക്ഷൻ റിസൾട് വരുന്നതിനു മുൻപേ നാട്ടിൽ കണ്ടു തുടങ്ങിയിരിക്കുന്നു. ഇന്നലെ (20.4.) 19577 പോസിറ്റീവ് കേസുകൾ, 3880 പേർ ആശുപത്രിയിൽ, 28 മരണം! ഓരോ ദിവസവും രോഗബാധിതരുടെ എണ്ണം കൂടി കൂടി വരുന്നു. ഇതുവരെ കേരളത്തിൽ 4979 പേർ കോവിഡ് ബാധിച്ചു മരിച്ചു.

പറയാതിരിക്കാൻ വയ്യാത്ത ഒരു പരമാർത്ഥം ഉണ്ട്, അത് സംസാരത്തിലൂടെയും, പ്രവർത്തിയിലൂടെയും കാണിക്കുന്ന ഒരേ ഒരാൾ ഇന്ന് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉണ്ടെങ്കിൽ അത് രാഹുൽ ഗാന്ധി മാത്രം. അതിനെ കുറിച്ച് കൂടുതൽ അറിയണമെങ്കിൽ, കൊറോണ പടർന്നു പിടിക്കാൻ തുടങ്ങിയ ഫെബ്രുവരി 2020 മുതൽ അദ്ദേഹത്തിന്റെ സർക്കാരിനോടുള്ള നിർദ്ദേശങ്ങളും, കഴിഞ്ഞ ദിവസം ബംഗാളിൽ തെരെഞ്ഞെടുപ്പ് പരിപാടികൾ മാറ്റി വെച്ചുകൊണ്ട് മാതൃക ആയതു ശ്രദ്ദിച്ചാൽ മതിയാകും. കോൺഗ്രസ്സ് പാർട്ടിയോടുള്ള ആഭിമുഖ്യം കൊണ്ട് എഴുതുന്നതല്ല, മറിച്ചു സമായാനുചിതമായി, സാമൂഹ്യ ഉത്തരവാദിത്തമെന്ന ധാർമ്മികത കാണിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ ആണ് അദ്ദേഹത്തിന്റെ പ്രവർത്തിയെ വിലയിരുത്തുന്നത്.

ഇന്നലെ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നു. എന്ത് പ്രായോഗിക നടപടികൾ ആണ് ജനങ്ങൾക്ക് നൽകുന്നത്? മൈക്രോ ലോക് ഡൗൺ വഴി വീണ്ടും ഒരു സാമ്പത്തിക അനിശ്ചിതത്തിൽ ദിവസ തൊഴിലാളികളെ കഷ്ടപ്പെടുത്തുന്നു. സാധാരണ ജനങ്ങൾക്ക് പ്രയോജനകരമായ എന്ത് സൗകര്യങ്ങൾ, സഹായമാണ് സർക്കർകൊടുക്കുന്നത്? മോദിയുടെ 20 മിനിട്ടു പ്രസംഗത്തിന്റെ ചുരുക്കം ആരോ ഇങ്ങനെ എഴുതി ” തന്നെ തന്നെ സംരക്ഷിക്കുക, സർക്കാരിന് ഒന്നും ചെയ്യാൻ കഴിയില്ല – അപ്നാ അപ്നാ ദേഖ് ലോ, സർക്കാർ കുച്ച് നഹി കാർ സക്തി” എത്ര ദയനീയമായ അവസ്ഥ!!

ആരും ഈ സ്ഥിതി വിശേഷത്തെ കുറിച്ച് ചിന്തിക്കുന്നില്ല. ഇവിടെ നമ്മുടെ മുഖ്യ പ്രശ്നം തൃശൂർ പൂരവും പള്ളികളിലെ പെരുന്നാളുകളും ആണ് അത് വരുത്തുന്ന സാമൂഹ്യ വിപത്തിനെ കുറിച്ച് സംസാരിക്കുന്നവർ ഒക്കെ മത വിരോധികളോ, സുഡാപ്പികളോ ആകുന്നു. ശക്തമായ ബോധവത്കരണം നടത്താൻ ധാർമ്മികത നഷ്ടപ്പെട്ട ഒരു സർക്കാരിന് സാധിക്കുന്നില്ല. കോവിഡ് പ്രോട്ടോകോൾ മാനിക്കാത്തതിരുന്ന ഒരു മുഖ്യന് എങ്ങനെ ജനത്തിന്റെ മുഖത്ത് നോക്കി സംസാരിക്കാൻ കഴിയും.

കേരളത്തിലെ സാംസ്കാരിക നായ്ക്കൾ എല്ലാം നല്ല ഉറക്കത്തിലാണ്. അവരുടെ സംസാര ശേഷി രാഷ്ട്രീയത്തിനും, കേവല സാമ്പത്തിക/ അവാർഡുകൾക്ക് പണയപ്പെടുത്തിയിരിക്കുന്നു. അവരിൽ നിന്നും ഒന്നും പ്രതീക്ഷിക്കേണ്ട. സാധാരണ ജനം ഉണർന്നു പ്രവർത്തിക്കേണ്ടിയിരിക്കുന്നു. നമ്മുടെ ചുറ്റുപാടുകളിൽ നിന്ന് തന്നെ തുടങ്ങുക … ഇനിയും വൈകിയാൽ കനത്ത വില – ആയിരക്കണക്കിന് ജനങളുടെ ജീവന്റെ വില യാണ് ഹോമിക്കപ്പെടുക. ഉണരുക, പ്രതികരിക്കുക.