Football Sports

യൂറോപ്യൻ സൂപ്പർ ലീഗ്; എതിർപ്പ് ശക്തം

യൂറോപ്പിലെ മുൻനിര ക്ലബുകൾ ചേർന്ന് ആരംഭിക്കുന്ന യൂറോപ്യൻ സൂപ്പർ ലീഗുമായി ബന്ധപ്പെട്ട് ഫുട്ബോൾ ലോകം രണ്ടു തട്ടിൽ. ലീഗ്, ഫുട്ബോളിനെതിരായ യുദ്ധമാണെന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ പറഞ്ഞു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ, ഫ്രഞ്ച് പ്രസിഡന്റ്‌ ഇമ്മാനുവൽ മാക്രോൺ എന്നിവർക്കൊപ്പം പിഎസ്ജി താരം അൻഡർ ഹെരേര, മുൻ ആഴ്‌സണൽ താങ്ങളായ മെസ്യൂട് ഓസിൽ, ലൂക്കാസ് പൊഡോൾസ്കി, മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം ഗാരി നെവിൽ തുടങ്ങിയവരും യൂറോപ്യൻ സൂപ്പർ ലീഗിനെ എതിർത്ത് രംഗത്തെത്തി.

‘യൂറോപ്യൻ സൂപ്പർ ലീഗിനുള്ള പദ്ധതി ഫുട്ബോളിനെ വളരെയധികം ദോഷകരമായി ബാധിക്കും. ഇതിനെതിരെ നടപടിയെടുക്കുന്നതിന് ഞങ്ങൾ ഫുട്ബോൾ അധികൃതരെ പിന്തുണയ്ക്കുന്നു. ആഭ്യന്തര മത്സരങ്ങളെ ഇത് ദോഷകരമായി ബാധിക്കും. കൂടുതൽ കാര്യങ്ങളിലേക്ക് കടക്കും മുൻപ് ക്ലബ്ബുകൾ അവരുടെ ആരാധകർക്കും ഫുട്ബോൾ സമൂഹത്തിനും ഉത്തരം നൽകണം.’- ബോറിസ് ‘ലോകകപ്പും ചാമ്പ്യൻസ് ലീഗും വിജയിക്കണമെന്ന ആഗ്രഹത്തിലാണ് കുട്ടികൾ വളരുന്നത് – ഒരു സൂപ്പർ ലീഗ് അല്ല. വലിയ ഗെയിമുകളുടെ ആസ്വാദ്യത, അവ സംഭവിക്കേണ്ടത് വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രമാണ്, എല്ലാ ആഴ്ചയും അല്ല.’- ഓസിൽ കുറിച്ചു.

‘ഓരോ സീസണിലും മറ്റ് ടീമുകളേക്കാൾ 300 മില്യൺ ഡോളർ കൂടുതൽ നേടാനും പിന്നീട് ശനിയാഴ്ച തിരിച്ച് പ്രീമിയർ ലീഗിൽ കളിക്കാനും കഴിയുമെന്ന് അവർ കരുതുന്നു. അവരുടെ പോയിൻ്റുകൾ‌ കുറയ്‌ക്കണം. കനത്ത പിഴയും ട്രാൻസ്ഫർ വിലക്കും ഏർപ്പെടുത്തണം. മറ്റ് ക്ലബ്ബുകളിൽ ചിലതിനെ ഈ ക്ലബുകൾ വാങ്ങിയിട്ടില്ലെന്ന് ഞാൻ വിശ്വസിക്കുന്നു.’- ഗാരി നെവിൽ കുറിച്ചു.

സൂപ്പർ ലീഗിൽ കളിക്കുന്ന താരങ്ങളെ വിലക്കുമെന്ന് യുവേഫയും ഫിഫയും വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, സൂപ്പർ ലീഗിൽ കളിക്കാനില്ലെന്ന് പ്രഖ്യാപിച്ച 14 ക്ലബുകളുമായി നാളെ പ്രീമിയർ ലീഗ് അധികൃതർ കൂടിക്കാഴ്ച നടത്തും.