Kerala

കോഴിക്കോട്ട് കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിരോധനാജ്ഞ; വയനാട് പത്ത് തദ്ദേശ സ്ഥാപന പരിധികളിലും

കോഴിക്കോട് ജില്ലകളില്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൊതു,സ്വകാര്യ ഇടങ്ങളിലെ കൂടിച്ചേരലുകള്‍ക്ക് പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തി. ആരാധനാലയങ്ങളില്‍ അനുഷ്ഠാനങ്ങളും ചടങ്ങുകളും മാത്രം നടത്തും. അഞ്ചില്‍ കൂടുതല്‍ പേര്‍ക്ക് പ്രവേശനം ഉണ്ടാകില്ല. കൂടുതല്‍ വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളാക്കി. നിരീക്ഷണത്തിന് സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ ഏര്‍പ്പെടുത്തി.

അതേസമയം വയനാട് ജില്ലയില്‍ 10 തദ്ദേശസ്ഥാപന പരിധികളില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഈ മാസം 30 വരെയാണ് നിരോധനാജ്ഞ. കണിയാമ്പറ്റ, തിരുനെല്ലി, നെന്‍മേനി, അമ്പലവയല്‍, തരിയോട്, പൊഴുതന, വെങ്ങപ്പള്ളി, മേപ്പാടി, ഗ്രാമപഞ്ചായത്തുകളില്‍ നിരോധനാജ്ഞയുണ്ട്. കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി നഗരസഭകളിലും കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

കേരളത്തില്‍ ഇന്ന് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 10000 കടന്നു. കോഴിക്കോട്, എറണാകുളം ജില്ലകളില്‍ കൊവിഡ് വ്യാപനം രൂക്ഷമായി. കോഴിക്കോട് 1560, എറണാകുളം 1391 എന്നിങ്ങനെയാണ് കൊവിഡ് കേസുകളുടെ എണ്ണം.