ഓർക്കുട്ട് തിരിച്ചുവരുമോ?

ഓർക്കുട്ട് തിരിച്ചെത്തുമെന്ന സൂചനയുമായി പ്ലാറ്റ്ഫോമിന്റെ സ്ഥാപകൻ ഓർക്കുട്ട് ബ്യൂയുക്കോക്ടെൻ. ഒരുകാലത്ത് ഇന്ത്യയിലും ബ്രസീലിലും വലിയ ജനപ്രീതി നേടിയിരുന്ന സോഷ്യൽ നെറ്റ്‌വർക്കിങ് പ്ലാറ്റ്ഫോം, പുതിയ രൂപത്തിൽ പുനരുജ്ജീവിപ്പിക്കാനാണ് ശ്രമമെന്ന് അദ്ദേഹം അറിയിച്ചു.

ഓർക്കുട്ടിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ Orkut.com-ൽ ഇതിനായി പിന്തുണ ശേഖരിക്കുന്ന ക്യാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. യഥാർഥ മനുഷ്യർ, അർഥവത്തായ ബന്ധങ്ങൾ, കമ്മ്യൂണിറ്റി ബോധം എന്നിവയ്ക്ക് മുൻഗണന നൽകുന്ന പുതിയ സോഷ്യൽ നെറ്റ്‌വർക്ക് വേണമെന്ന ആശയത്തിനാണ് ഉപയോക്താക്കളോട് പിന്തുണ തേടുന്നത്.

അൽഗോരിതങ്ങൾ നിയന്ത്രിക്കുന്ന ഫീഡുകളും എഐ സൃഷ്ടിക്കുന്ന ഉള്ളടക്കങ്ങളും ബോട്ടുകളും സാമൂഹിക മാധ്യമങ്ങളിലെ യഥാർഥ ഇടപെടലുകളെ ബാധിക്കുന്നുവെന്ന് ബ്യൂയുക്കോക്ടെൻ ചൂണ്ടിക്കാട്ടുന്നു. കൂടുതൽ മനുഷ്യസൗഹൃദമായ ഇന്റർനെറ്റ് സൃഷ്ടിക്കുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

2004-ൽ ഗൂഗിളിൽ ജോലി ചെയ്യുന്നതിനിടെ ബ്യൂയുക്കോക്ടെൻ ആരംഭിച്ച ഓർക്കുട്ട്, 2014 സെപ്റ്റംബർ 30-നാണ് പ്രവർത്തനം അവസാനിപ്പിച്ചത്. ഫേസ്ബുക്ക് ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളുടെ വളർച്ചയോടെ ഓർക്കുട്ടിന്റെ ജനപ്രീതി കുറഞ്ഞിരുന്നു.

എന്നാൽ, ഓർക്കുട്ട് എപ്പോൾ പുനരാരംഭിക്കുമെന്നോ പുതിയ പ്ലാറ്റ്ഫോമിന്റെ ഫീച്ചറുകൾ എന്തൊക്കെയായിരിക്കുമെന്നോ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനമില്ല. നിലവിൽ ഇത് പിന്തുണ ശേഖരിക്കുന്ന ഒരു ക്യാമ്പയിൻ മാത്രമാണ്.