ജഗദീഷ്–ഉർവശി കൂട്ടുകെട്ട് വീണ്ടും; ‘റൂം നമ്പർ 9’ ഫസ്റ്റ് ലുക്ക് പുറത്ത്

മലയാള സിനിമയിലെ പ്രേക്ഷകരുടെ പ്രിയ കൂട്ടുകെട്ടായ ജഗദീഷും ഉർവശിയും മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടും പ്രധാന കഥാപാത്രങ്ങളായി ഒന്നിക്കുന്നു. ജയ് മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘റൂം നമ്പർ 9’ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒരുമിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

ദുരൂഹത നിറഞ്ഞ ഭാവമാണ് പോസ്റ്റർ നൽകുന്നത്. ഉർവശിയുടെ കഥാപാത്രം പടികൾ ഇറങ്ങിവരുന്നതും ജഗദീഷ് അവതരിപ്പിക്കുന്ന കഥാപാത്രം മറുവശത്ത് പടികൾ കയറുന്നതുമാണ് ദൃശ്യത്തിൽ കാണുന്നത്. ഇരുവരുടെയും മുഖഭാവവും വ്യത്യസ്തമായ ലൈറ്റിംഗും ചിത്രത്തിന്റെ കഥാപശ്ചാത്തലത്തെക്കുറിച്ചുള്ള ആകാംക്ഷ വർധിപ്പിക്കുന്നു.

എൺപതുകളിലും തൊണ്ണൂറുകളിലും ‘സ്ത്രീധനം’, ‘ഭാര്യ’, ‘സിംഹവാലൻ മേനോൻ’ അടക്കമുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ ജഗദീഷ്–ഉർവശി കൂട്ടുകെട്ടിന്റെ തിരിച്ചുവരവിനായി സിനിമാപ്രേമികൾ കാത്തിരിക്കുകയാണ്.

സിനിമാറ്റിക് ഡ്രീംസിന്റെ ബാനറിൽ വിലാസ് കുമാറാണ് ചിത്രം നിർമിക്കുന്നത്. ഫൈസൽ അലി ഛായാഗ്രഹണവും രഞ്ജൻ എബ്രഹാം എഡിറ്റിംഗും നിർവഹിക്കുന്നു. മനു ജഗതാണ് പ്രൊഡക്ഷൻ ഡിസൈനർ. കൈലാസ് മേനോനും ശങ്കർ ശർമ്മയും സംഗീതസംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് ബി. കെ. ഹരിനാരായണനാണ്. പശ്ചാത്തല സംഗീതം ശങ്കർ ശർമ്മയുടേതാണ്.