പോർച്ചുഗൽ ദേശീയ ടീം ക്യാമ്പിൽ നിന്ന് മകൻ മടങ്ങിയ സാഹചര്യത്തിൽ വേദന പങ്കുവെച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അമ്മ ഡോളോറസ് അവെയ്റോ. പോർച്ചുഗീസ് മാധ്യമമായ TV 7 Dias-ന് നൽകിയ അഭിമുഖത്തിലാണ് അവർ പ്രതികരിച്ചത്.
“എന്റെ മകന് മുൻവാതിലിലൂടെ ഇറങ്ങാമായിരുന്നു. പക്ഷേ, പിന്‍വാതിലിലൂടെയാണ് പോകേണ്ടിവന്നത്. ഇത് എനിക്ക് ഞെട്ടലായിരുന്നു. ഞാൻ വളരെ ദുഃഖിതയാണ്. ദൈവം എല്ലാം നോക്കിക്കൊള്ളും,” ഡോളോറസ് പറഞ്ഞു. പോർച്ചുഗലിന്റെ എക്കാലത്തെയും ഹീറോയായ റൊണാൾഡോയ്ക്ക് അർഹിക്കുന്ന അംഗീകാരവും ബഹുമാനവും ലഭിച്ചില്ലെന്നും അവർ ആരോപിച്ചു.
ക്യാമ്പിൽ നിന്ന് നേരത്തെ മടങ്ങേണ്ടിവന്ന കാര്യം റൊണാൾഡോ തന്നെ വിളിച്ചറിയിച്ചിരുന്നുവെന്നും ഡോളോറസ് വ്യക്തമാക്കി. സെപ്റ്റംബർ 30-ന് ദേശീയ ടീം ക്യാമ്പ് വിട്ട റൊണാൾഡോയുടെ തീരുമാനത്തെത്തുടർന്ന് പോർച്ചുഗീസ് ഫുട്ബോളിൽ ചർച്ചകൾ ശക്തമായിരുന്നു.
അതേസമയം, റൊണാൾഡോ പോർച്ചുഗൽ ദേശീയ ടീമിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ല. അദ്ദേഹത്തിന്റെ രാജ്യാന്തര ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം തുടരുകയാണ്.
