ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും ജന്നായക് ജനതാ പാര്‍ട്ടിയും ഹരിയാനയില്‍ സഖ്യമായി മത്സരിക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. സഖ്യമായി മത്സരിച്ചാല്‍ ഹരിയാനയിലെ പത്ത് സീറ്റിലും ഒപ്പം ദേശീയതലത്തിലും ബി.ജെ.പിയെ തോല്‍പ്പിക്കാനാകും. ഡല്‍ഹിയില്‍ കോണ്‍ഗ്രസില്ലാതെ തന്നെ ജയിക്കാനാകുമെന്നും കെജ്രിവാള് പറഞ്ഞു.
ഡല്‍ഹിയില്‍ സഖ്യത്തിന് താല്‍പ്പര്യമില്ലെന്ന് കോണ്‍ഗ്രസ് തുറന്ന് പറഞ്ഞെങ്കിലും ഹരിയാനയിലെ സഖ്യത്തിലൂടെ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ വഴി ഉണ്ടാക്കണമെന്നാണ് കെജ്രിവാള് തുറന്ന് പറഞ്ഞത്. ഹരിയാനയില്‍ ദുഷ്യന്ത് ചൌട്ടലുയുടെ ജന്നായക് ജനതാ പാര്‍ട്ടിയും ആം ആദ്മി, കോണ്‍ഗ്രസ് പാര്‍ട്ടികളും കൂടി ചേര്‍ന്നാല്‍ പത്തില്‍ പത്ത് സീറ്റും നേടാനാകും. അത് വഴി മോദിയെ തോല്‍പ്പിക്കാനാകും. നിര്‍ദേശം രാഹുലിന്റെ മുന്പില് വെക്കുകയാണെന്നും കെജ്രിവാള് പറഞ്ഞു.
ഒരു ഭാഗത്ത് പ്രധാനമന്ത്രി നരേന്ദമോദിയുടെ ആരാധകരും മറു ഭാഗത്ത് നരേന്ദ്രമോദിയെ തോല്‍പ്പിക്കണമെന്ന് ആഗ്രഹിക്കുന്നവരുമാണ്. മോദിയെ തോല്‍പ്പിക്കാന്‍ താല്‍പ്പര്യപ്പെടുന്നവരാണ് കൂടുതലങ്കിലും അവര്‍ ഭിന്നിച്ച് കിടക്കുകയാണ്. മോദിയും അമിത് ഷായും ജയിക്കുന്നത് അത് കൊണ്ടാണെന്നും അതിനാല്‍ പ്രതിപക്ഷം ഒന്നിക്കണമെന്നും കെജ്രിവാള് ആവശ്യപ്പെട്ടു.
കോണ്‍ഗ്രസിന്റെ നേതൃതലത്തില്‍ എ.എ.പിയുമായി ഡല്‍ഹിയില്‍ സഹകരിക്കണമെന്ന് താല്‍പ്പര്യപ്പെടുന്നുണ്ടെങ്കിലും താഴെ തട്ടില്‍ എതിര്‍പ്പാണ്. ഇതാണ് സഖ്യം സാധ്യമാകാത്തതിന് കാരണം. അതേസമയം കെജ്രിവാളിന്റെ പുതിയ നീക്കുപോക്കിനെ സംബന്ധിച്ച് കോണ്‍ഗ്രസ് പ്രതികരണം നടത്തിയിട്ടില്ല.