India

കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി കുംഭമേള; പങ്കെടുത്ത 102 പേര്‍ക്ക് കോവിഡ്

കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തി ഹരിദ്വാറില്‍ നടക്കുന്ന കുംഭമേളയുടെ ആദ്യ ദിനം. ഷാഹി സ്നാനില്‍ പങ്കെടുക്കാനെത്തിയ 102 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 18,169 പേരെയാണ് കോവിഡ് പരിശോധനക്ക് വിധേയമാക്കിയത്. മാസ്‌കുകള്‍ പോലും ധരിക്കാതെ ലക്ഷക്കണക്കിന് ഭക്തരാണ് ഷാഹി സ്‌നാനത്തില്‍(പുണ്യ സ്‌നാനം) പങ്കെടുക്കാനെത്തുന്നത്. മേളക്കെത്തുന്നവരെ പൂര്‍ണ്ണമായും തെര്‍മന്‍ സ്‌കാനിംഗിന് വിധേയമാക്കാന്‍ പോലും അധികൃതര്‍ക്ക് കഴിയുന്നില്ലെന്നാണ് ആക്ഷേപം.

മേളക്കെത്തുന്നവര്‍ ആര്‍.ടി-പി.സി.ആര്‍ ടെസ്റ്റ് നടത്തിയിരിക്കണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും അതൊന്നും ഒരിടത്തും പരിശോധിക്കുന്നില്ല. സംസ്ഥാനങ്ങളുടെ അതിര്‍ത്തികളിലും റെയില്‍വേ സ്‌റ്റേഷനുകളിലും പരിശോധന നടക്കുന്നുണ്ടെങ്കിലും മേള നടക്കുന്ന സ്ഥലങ്ങളില്‍ ആരും പരിശോധനാ ഫലം നോക്കുന്നില്ല.

തിങ്കളാഴ്ചയോടെ 28 ലക്ഷം ഭക്തരാണ് ഷാഹി സ്‌നാനിനായി എത്തിയത്. ദശലക്ഷക്കണക്കിന് പേർ എത്തുന്ന കുംഭമേളയിൽ സാമൂഹിക അകലം പാലിക്കൽ പോലുള്ള കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പ്രായോഗികമല്ല. മാത്രമല്ല തെർമൽ സ്‌ക്രീനിങ്ങും നടന്നില്ല.