തൃശ്ശൂര്‍ പൂരത്തിന് ശക്തമായ പൊലീസ് സുരക്ഷയൊരുക്കുമെന്ന് ജില്ലാഭരണകൂടം. സാമൂഹിക അകലം ഉറപ്പാക്കുന്നതിനായി പൂരം കാണാനെത്തുന്നവരെ ആറു സെക്ടറുകളാക്കി തിരിക്കും. ഓരോ സെക്ടറിന്‍റെയും ചുമതല സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ക്ക് നല്‍കും.
ഡെപ്യൂട്ടി കലക്ടര്‍മാരെയായിരിക്കും ഇത്തരത്തില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരായി നിയമിക്കുക. പൊലീസിനെ സഹായിക്കാന്‍ 300 സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാരെയും സജ്ജമാക്കും. പൂരം നടക്കുന്ന മൂന്നു ദിവസങ്ങളില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിന് കോവിഡ് മജിസ്ട്രേറ്റുമാരെയും നിയമിക്കും. കലക്ടര്‍ എസ്. ഷാനവാസിന്‍റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തിരുമാനം.
പൂരം ദിവസങ്ങളിലേക്കായി ജില്ലാ ഭരണകൂടം നൂറോളം തെര്‍മ്മല്‍ സ്‌കാനറുകള്‍ നല്‍കും. ഇതുപയോഗിച്ച് ആരോഗ്യവിഭാഗവും കോര്‍പ്പറേഷനും പൂരം കാണാനെത്തുന്നവരെ പരിശോധിക്കണം. സാനിറ്റൈസര്‍, ഗ്ലൗസ്, മാസ്‌ക് എന്നിവ ആവശ്യാനുസരണം കരുതിവെക്കുന്നതിനും വിതരണം ചെയ്യുന്നതിനും ദേവസ്വങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നതിന് കൊച്ചിന്‍ സ്‌പെഷ്യല്‍ ദേവസ്വം കമ്മീഷണറെ കലക്ടര്‍ ചുമതലപ്പെടുത്തി.
ആനകളുടെ പരിപാലനത്തിനായി പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു. മറ്റ് ജില്ലകളില്‍ നിന്ന് കൊണ്ടുവരുന്ന ആനകളെ അതത് ജില്ലകളിലെ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ഫിറ്റ്‌നസ് ഉറപ്പുവരുത്തണം. അവസാന നിമിഷം ആനകളെ പിന്‍വലിക്കുന്നതിനാല്‍ ദേവസ്വങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഇതിലൂടെ ഒഴിവാക്കാനാകുമെന്ന് കലക്ടര്‍ അറിയിച്ചു.
തൃശൂര്‍ റൗണ്ടിലെ അപകടനിലയിലുള്ള കെട്ടിടങ്ങള്‍ക്ക് സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇത്തരം കെട്ടിടങ്ങളില്‍ പൂരം കാണാന്‍ ആളുകള്‍ കയറിനില്‍ക്കുന്നില്ലെന്ന് ഉറപ്പുവരുത്തും. റൗണ്ടിലെ പെട്രോള്‍ പമ്പുകള്‍ പൂരം ദിവസങ്ങളില്‍ പ്രവര്‍ത്തിക്കരുത്. അവിടുത്തെ സ്റ്റോക്ക് ഒഴിവാക്കാനുള്ള നിര്‍ദേശം നല്‍കിയതായും കലക്ടര്‍ അറിയിച്ചു. ഹരിത പൂരം നടത്തുന്നതിന് ശുചിത്വമിഷനെ പ്രത്യേകം ചുമതലപ്പെടുത്തി. അതേസമയം, ഗുരുവായൂർ ക്ഷേത്രത്തിൽ വിഷുക്കണി ദർശനത്തിന് അനുമതി നല്‍കി. പുലർച്ചെ 2.30 മുതൽ 4.30 വരെയാണ് ദർശനത്തിന് അനുമതി. കോവിഡ് പശ്ചാത്തലത്തില്‍ വിഷുക്കണി ദർശനം ചടങ്ങ് മാത്രമായി നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ഇതിനെതിരെ ഭരണസമിതിയിൽ നിന്നടക്കം എതിര്‍പ്പുയര്‍ന്നിരുന്നു.