പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസഫലിക്ക് അബൂദബി സർക്കാരിന്റെ ആദരം. വാണിജ്യ, വ്യവസായ, ജീവകാരുണ്യ മേഖലകളിലെ സംഭാവനകൾക്കുള്ള അംഗീകാരമായാണ് ഉന്നത സിവിലിയൻ ബഹുമതിയായ അബുദാബി അവാർഡിന് യൂസഫലി അർഹനായത്. അൽ ഹൊസൻ പൈതൃക മന്ദിരത്തിൽ നടന്ന ചടങ്ങിൽ കിരീടാവകാശിയും യു എ ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പുരസ്കാരം സമ്മാനിച്ചു. ഏറെ വിനയത്തോടെയും അഭിമാനത്തോടെയുമാണ് ഈ ബഹുമതിയെ കാണുന്നതെന്ന് യൂസഫലി പറഞ്ഞു. കഴിഞ്ഞ 47 വർഷമായി അബൂദബിയിലാണ് താമസം. 1973 ഡിസംബർ 31- നാണ് പുതിയ സ്വപ്നങ്ങളും പ്രതീക്ഷകളുമായും യു.എ.ഇ. യിൽ എത്തിയത്. വെല്ലുവിളികളും കയറ്റിറക്കങ്ങളും പിന്നിട്ടാണ് ഇവിടെ എത്തി നിൽക്കുന്നത്. ഈ രാജ്യത്തിന്റെ ദീർഘദർശികളും സ്ഥിരോത്സാഹികളുമായ ഭരണാധികാരികളോട് പ്രത്യേകിച്ച് അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനോട് നന്ദി രേഖപ്പെടുത്തുന്നുവെന്നും യൂസഫലി പറഞ്ഞു. താൻ എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അത് യു എ ഇ ഭരണാധികാരികളുടെയും ഇവിടുത്തെ മലയാളികൾ ഉൾപ്പെടുന്ന പ്രവാസി സമൂഹത്തിൻ്റെയും പിന്തുണയും പ്രാർത്ഥനകളും കൊണ്ടാണ്. തനിക്ക് ലഭിച്ച ഈ ബഹുമതി പ്രവാസി സമൂഹത്തിന് സമർപ്പിക്കുന്നുവെന്നും യൂസഫലി കൂട്ടിച്ചേർത്തു. മൂന്ന് വനിതകൾ ഉൾപ്പെടെ മറ്റ് പതിനൊന്ന് പേർ യൂസഫലിക്കൊപ്പം പുരസ്കാരം സ്വീകരിച്ചു. വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾക്ക് രണ്ട് വർഷത്തിലൊരിക്കൽ നൽകുന്ന ബഹുമതിയാണിത്. ഈ വർഷം അബൂദബി പുരസ്കാരം ലഭിച്ച ഏക ഇന്ത്യക്കാരനും യൂസഫലിയാണ്. 2005-ൽ പ്രവാസി ഭാരതീയ സമ്മാൻ, 2008-ൽ പത്മശ്രീ പുരസ്കാരം, 2014-ൽ ബഹറൈൻ രാജാവിൻ്റെ ഓർഡർ ഓഫ് ബഹറൈൻ, 2017-ൽ ബ്രിട്ടീഷ് രാജ്ഞിയുടെ ക്വീൻസ് പുരസ്കാരം എന്നിങ്ങനെ യൂസഫലിക്ക് ലഭിച്ച പുരസ്കാരങ്ങൾ നിരവധിയാണ്. ഇത് കൂടാതെ യു.എ.ഇ., സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങൾ പ്രവാസികൾക്ക് നൽകുന്ന ആദ്യത്തെ ആജീവനാന്ത താമസ വിസക്ക് അർഹനായതും യൂസഫലിയാണ്. അബൂദബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി യൂസഫലിക്കുള്ള ആത്മബന്ധം ശക്തമാണ്. അബൂദബി നഗരത്തിൻ്റെ ഹൃദയഭാഗത്താണ് സ്വന്തമായി വീട് നിർമ്മിക്കുവാനുള്ള സ്ഥലം വർഷങ്ങൾക്ക് മുമ്പ് ശൈഖ് മുഹമ്മദ് യൂസഫലിക്ക് നൽകിയത്. ലുലു ഗ്രൂപ്പിന്റെ മുഷ്റിഫ് മാൾ നിലനിൽക്കുന്ന 40 ഏക്കർ സ്ഥലം നൽകിയതും അബൂദബി സർക്കാറാണ്. യു എ ഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിൻ സായിദ് അൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, അബുദാബി എക്സിക്യൂട്ടീവ് ഓഫീസ് ചെയർമാൻ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരടക്കമുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
Related News
വ്യോമാക്രമണം തുടർന്ന് ഇസ്രായേൽ; ഗസ്സയിൽ ഇന്നലെ മാത്രം കൊല്ലപ്പെട്ടത് 42 പേർ, ആകെ മരണം 192 ആയി
ഇസ്രായേൽ വ്യോമാക്രമണത്തിൽ ഗസ്സയിൽ ഇന്നലെ മാത്രം കൊല്ലപ്പെട്ടത് കുട്ടികൾ ഉൾപ്പെടെ 42 പേർ. ഗസ്സയുടെ വിവിധ ഭാഗങ്ങളിലായി ഇരുനൂറിലേറെ കേന്ദ്രങ്ങളിൽ നടന്ന വ്യോമാക്രമണത്തിൽ നിരവധി കെട്ടിടങ്ങളും വസതികളും തകർന്നു. ഒരാഴ്ച പിന്നിട്ട ആക്രമണത്തിൽ 58 കുട്ടികൾ ഉൾപ്പെടെ 192 പേരാണ് ആകെ കൊല്ലപ്പെട്ടത്. ഹമാസിന്റെ തിരിച്ചടിയിൽ 10 പേർ മരിച്ചതായി ഇസ്രായേൽ വ്യക്തമാക്കി. അന്തർദേശീയ സമ്മർദം ശക്തമാണെങ്കിലും ഗസ്സക്കു മേലുള്ള ആക്രമണം തുടരുമെന്ന് ഇസ്രായേൽ വ്യക്തമാക്കി. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇനിയും മൃതദേഹങ്ങൾ കുടുങ്ങി കിടക്കുന്നതായാണ് ഗസ്സയിയിൽ നിന്നുള്ള […]
കോവിഡിനെതിരായ മരുന്ന് നിര്‍മ്മാണത്തില്‍ നിര്‍ണായക കണ്ടുപിടിത്തവുമായി അമേരിക്ക
കോവിഡ് വൈറസിനെതിരായ മരുന്ന് നിർമാണത്തിൽ നിർണായക കണ്ടുപിടുത്തം. മനുഷ്യ ശരീരത്തിൽ പ്രവേശിച്ച കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനുള്ള തന്മാത്രകൾ വികസിപ്പിച്ചതായി അമേരിക്കയിലെ ടെക്സസ് സർവകലാശാലയാണ് വ്യക്തമാക്കിയത്. ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ ദുര്‍ബലപ്പെടുത്താനുള്ള കൊറോണ വൈറസിന്റെ ശേഷിയെ ഇല്ലാതാക്കാൻ ഈ തന്മാത്രകൾക്ക് സാധിക്കുമെന്നും പഠനത്തിലുണ്ട്. സർവകലാശാലയുടെ പരീക്ഷണ ഫലങ്ങൾ സയന്‍സ് ജേർണലിൽ പ്രസിദ്ധീകരിച്ചു.
മ്യാൻമറിൽ വീണ്ടും പട്ടാള അട്ടിമറി; ഓങ് സാങ് സൂചിയടക്കമുള്ള നേതാക്കൾ സൈന്യത്തിന്റെ തടവിൽ
തലസ്ഥാന നഗരിയിൽ ഇന്റർനെറ്റ്, ടെലഫോൺ ബന്ധം വിച്ഛേദിച്ചു മ്യാന്മറില് പുതുതായ തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റംഗങ്ങള്‍ ഇന്ന് ചുമതലയേല്‍ക്കാനിരിക്കെയാണ് പട്ടാള അട്ടിമറി. തെരഞ്ഞെടുപ്പില്‍ കള്ളക്കളി നടന്നെന്നാരോപിക്കുന്ന പട്ടാളം ഭരണം അട്ടിമറിച്ചേക്കുമെന്ന ആശങ്ക നേരത്തെ നിലനിന്നിരുന്നു. 2011 ലാണ് രാജ്യത്ത് പട്ടാളഭരണം അവസാനിക്കുന്നത്. അതിന് ശേഷം നടന്ന രണ്ടാമത്തെ പൊതുതെരഞ്ഞെടുപ്പായിരുന്നു ഇത്. നവംബര്‍ എട്ടിനായിരുന്നു തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പില്‍ ഓങ് സാങ് സൂചിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി വന്‍നേട്ടമുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് അയോഗ്യമെന്ന് ചൂണ്ടിക്കാട്ടി മ്യാന്മർ സൈന്യം നടത്തിയ അട്ടിമറി ഭീഷണിയെ കരുതിയിരിക്കണമെന്ന് […]