രാജ്യത്ത് കോവിഡ് കേസുകള്‍ കുത്തനെ വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,26,789 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും കൂടിയ പ്രതിദിന കണക്കാണിത്. അതേസമയം 24 മണിക്കൂറിനിടെ 59,258 പേര്‍ രോഗമുക്തി നേടി.
685 പേരാണ് രോഗബാധയെ തുടര്‍ന്ന് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. ആകെ മരണം 1,66,862 ആയി. രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 1,29,28,574 ആയി ഉയര്‍ന്നു. ഇതുവരെ 1,18,51,393 പേര്‍ രോഗമുക്തി നേടി. നിലവില്‍ 9,10,319 പേരാണ് ചികിത്സയിലുള്ളത്. 9,01,98,673 പേര്‍ ഇതുവരെ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 25,26,77,379 സാംപിളുകളാണ് ഇതുവരെ പരിശോധിച്ചത്.
അതേസമയം കോവിഡ് വർധിക്കുന്ന പശ്ചാത്തലത്തിൽ സ്വന്തം പൗരന്മാർക്ക് അടക്കം ഇന്ത്യയിൽ നിന്നുള്ള എല്ലാ യാത്രക്കാർക്കും താൽക്കാലിക വിലക്കേർപ്പെടുത്തി ന്യൂസിലാൻഡ് ഭരണകൂടം. രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം. ഓക്‌ലാൻഡിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പ്രധാനമന്ത്രി ജസീന്ദ ആർഡെൻ ആണ് ഇക്കാര്യം അറിയിച്ചത്. അതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി കോവിഡ് വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചു. ഡൽഹി എയിംസ് ആശുപത്രിയിലെത്തിയാണ് പ്രധാനമന്ത്രി വാക്സിനെടുത്തത്. മാർച്ച് ഒന്നിനാണ് മോദി ആദ്യ വാക്‌സിൻ സ്വീകരിച്ചിരുന്നത്.