മഞ്ചേശ്വരത്ത് ആശങ്കയുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. കെ. സുരേന്ദ്രന് ജയിച്ചാല്‍ ഉത്തരവാദി പിണറായി വിജയനാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
തെരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ എല്ലാ ജില്ലകളിലേയും നേതാക്കന്മാരെ ബന്ധപ്പെട്ടിരുന്നു. മഞ്ചേശ്വരത്തെ നേതാക്കന്മാരുമായും ബന്ധപ്പെട്ടിരുന്നു. ഫീല്‍ഡില്‍ നിന്ന് കിട്ടിയ റിപ്പോര്‍ട്ട് അനുസരിച്ച് മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അതീവ ദുര്‍ബലനാണ്. അവരുടെ ഇടയില്‍ തന്നെ വിവാദ പുരുഷനാണ്. ബി.ജെ.പിയുടെയും ആര്.എസ്.എസിന്റെയും നേതാക്കന്മാരുമായി വളരെ ചങ്ങാത്തത്തിലാണ്. ഇത് തന്നെയാണ് സിപിഎമ്മും ബി.ജെ.പിയും തമ്മിലുള്ള രഹസ്യധാരണ മുല്ലപ്പളി പറഞ്ഞു. മാര്‍ക്സിസ്റ്റ് കേന്ദ്രങ്ങളില്‍ അസാധാരണമായ നിര്‍വികാരതയും മ്ലാനതയും കാണാന്‍ സാധിച്ചു. സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ വേണ്ടി പാര്‍ട്ടി പ്രവര്ത്തകന്മാര് സജീവമായി രംഗത്തിറങ്ങാറുണ്ടെന്നും അത്തരത്തിലൊന്ന് മഞ്ചേശ്വരത്ത് ഉണ്ടായില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
കെ.സുരേന്ദ്രന് നിയമസഭയില്‍ വരാന്‍ പാടില്ല, എന്തുവിലകൊടുത്തും അതിനെ ചെറുക്കാനാണ് ഞങ്ങള്‍ ശ്രമിച്ചത്. യുഡിഎഫിന്റെ അവസാന വോട്ടറെയും പോള്‍ ചെയ്യിപ്പിച്ചു. മുസ്ലിംലീഗ് ഊര്‍ജിതമായ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. എന്നാല്‍ സിപിഎം വോട്ട് ബി.ജെ.പിക്ക് കൊടുത്താല്‍ എന്തുചെയ്യുമെന്നും മുല്ലപ്പള്ളി ചോദിച്ചു. സുരേന്ദ്രന് ജയിച്ചാല്‍ ആദ്യത്തെ ഉത്തരവാദി പിണറായി വിജയനാണ്. അദ്ദേഹമാണ് ഈ ധാരണയുടെ സൂത്രധാരന്നെും അത് കണ്ണൂരിലെ നേതാക്കന്മാര്ക്ക് അറിയാമെന്നും മുല്ലപ്പള്ളി പറഞ്ഞു. എന്നാല്‍ നേമത്ത് കോണ്‍ഗ്രസിന് ആശങ്കകളില്ലെന്നും കെ മുരളീധരന് ജയിക്കുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
അതേസമയം മികച്ച പോളിങ് ശതമാനം തങ്ങള്‍ക്കനുകൂലമാണെന്ന അവകാശ വാദത്തിലാണ് എല്‍.ഡി.എഫും യു.ഡി.എഫും. കഴിഞ്ഞ തവണത്തേതിന് സമാനമായ സീറ്റ് നില ഇത്തവണയുണ്ടാകുമെന്നാണ് എല്‍.ഡി.എഫിന്റെ അവകാശ വാദം. എന്നാല്‍ 80 സീറ്റിനോട് അടുപ്പിച്ച് നേടി അധികാരം ഉറപ്പിക്കാമെന്ന കണക്ക് കൂട്ടലാണ് യു.ഡി.എഫിനുള്ളത്.