India

അദാനിയുടെ വാദം പൊളിയുന്നു; മ്യാന്മര്‍ സൈന്യവുമായുള്ള വ്യാപാര ബന്ധത്തിന്‍റെ തെളിവുകള്‍ പുറത്ത്

പട്ടാള അട്ടിമറിയെ തുടര്‍ന്ന് രാജ്യത്തുടനീളം മനുഷ്യാവകാശ അതിക്രമങ്ങള്‍ നടത്തുന്ന മ്യാന്മർ സൈന്യവുമായി അദാനി ഗ്രൂപ്പ് സഹകരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. സൈന്യത്തിന്‍റെ നിയന്ത്രണത്തിലുള്ള മ്യാന്‍മര്‍ എക്കണോമിക് കോര്‍പ്പറേഷന്‍ (എം.ഇ.സി) കമ്പനിയുടെ തുറമുഖ പദ്ധതിയുമായി അദാനി ഗ്രൂപ്പ് സഹകരിക്കുന്നതിന്‍റെ തെളിവുകളാണ് പുറത്ത് വന്നത്.

മനുഷ്യാവകാശ പ്രവർത്തകരും ആക്ടിവിസ്റ്റുകളും തയാറാക്കിയ രഹസ്യ റിപ്പോർട്ടിലെ വിവരങ്ങൾ പ്രകാരം, യങ്കൂണിലെ കണ്ടെയിനർ തുറമുഖത്തിനായി അദാനി ഗ്രൂപ്പും മ്യാന്മർ സൈന്യവും സഹകരിക്കുന്നുണ്ട്. മനുഷ്യാവകാശ ലംഘനത്തെ തുടർന്ന് അമേരിക്കയുള്‍പ്പടെ ഉപരോധം ഏർപ്പെടുത്തിയ മ്യാന്‍മര്‍ എക്കണോമിക് കോര്‍പ്പറേഷന്, അദാനി ഗ്രൂപ്പ് 52 മില്യൺ യു.എസ് ഡോളർ (ഏകദേശം 380.60 കോടി രൂപ) നൽകുന്നതായി എ.ബി.സി ന്യൂസ് റിപ്പോർട്ട് ചെയ്തു.

കണ്ടെയ്നര്‍ പോര്‍ട്ട് നിര്‍മാണത്തിനായി 290 ദശലക്ഷം യു.എസ് ഡോളറിന്‍റെ കരാറിലാണ് അദാനി ഗ്രൂപ്പ് ഒപ്പ് വെച്ചിരിക്കുന്നത്. അദാനി പോർട്ട്സ് ഉന്നത ഉദ്യോഗസ്ഥരും മ്യാന്മർ സൈന്യത്തിന്‍റെ ഉന്നത പ്രതിനിധികളും 2019ൽ കണ്ടുമുട്ടിയതിന്‍റെ വിഡിയോ ദൃശ്യങ്ങളും ഫോട്ടോകളും എ.ബി.സി ന്യൂസ് പുറത്തുവിട്ടിരുന്നു. മ്യാന്മർ സൈന്യവുമായി ഒരു തരത്തിലുള്ള ഇടപാടുകളുമില്ലെന്ന അദാനി ഗ്രൂപ്പിന്‍റെ അവകാശവാദത്തെ പൊളിക്കുന്ന തെളിവുകളാണിവ.

പട്ടാള അട്ടിമറിക്ക് പിന്നാലെ സൈന്യത്തിന്‍റെ മ്യാന്‍മര്‍ എക്കണോമിക് കോര്‍പ്പറേഷന് (എം.ഇ.സി) അമേരിക്ക ഉപരോധമേർപ്പെടുത്തിയിരുന്നു.പുറമെ, മ്യാന്‍മറിന് സഹായമായി നല്‍കിയ ഒരു ബില്ല്യണ്‍ യു.എസ് ഡോളര്‍ സൈന്യം ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനുളള നടപടികളും ബൈഡന്‍ സ്വീകരിച്ചിരുന്നു.

എം.ഇ.സിയുമായി ഇടപാടുകൾ നടത്തരുതെന്ന് വിദേശ കമ്പനികൾക്ക് 2019ൽ ഐക്യരാഷ്ട്രസഭയുടെ വസ്തുതാന്വേഷണ സമിതി മുന്നറിയിപ്പ് നൽകിയിരുന്നു. മ്യാന്മറിലെ സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്ന് അദാനി പോർട്സ് വക്താവിനെ ഉദ്ധരിച്ച് എ.ബി.സി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. 1997ല്‍ നിലവില്‍ വന്ന എം.ഇ.സി, മ്യാന്‍മര്‍ സൈന്യത്തിന്‍റെ ഏറ്റവും വലിയ വരുമാന സ്രോതസ്സാണ്.