അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ല. സാം കറന്‍റെ ചെറുത്ത് നില്‍പ്പിനും ഇംഗ്ലണ്ടിനെ രക്ഷിക്കാനായില്ല. അവസാനം വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ ഇന്ത്യക്ക് ഏഴ് റണ്‍സ് ജയം. ജയത്തോടെ ഏകദിന പരമ്പരയും ഇന്ത്യന്‍ ടീം സ്വന്തമാക്കി. അപ്രതീക്ഷിതമായ ഇന്നിങ്സുമായി മധ്യനിരയില്‍ കളം നിറഞ്ഞ സാം കറനും അര്‍ധ സെഞ്ച്വറി നേടിയ ഡേവിഡ് മലനും ഒഴിച്ച് ബാക്കിയാര്‍ക്കും കാര്യമായി ഒന്നും ചെയ്യാന്‍ കഴിയാതെ വന്നപ്പോള്‍ ഇംഗ്ലണ്ട് പരാജയം സമ്മതിക്കുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ ശാര്‍ദുല്‍ താക്കൂറും മൂന്ന് വിക്കറ്റുകള്‍ പിഴുത ഭൂവനേശ്വര്‍ കുമാറും ചേര്‍ന്ന് ഇംഗ്ലണ്ട് നിരയെ പിടിച്ചുകെട്ടി.
ഓര്‍മിക്കാന്‍ ഒന്നും ബാക്കിയില്ലാതെയാണ് സന്ദര്‍ശകര്‍ ഇന്ത്യ വിടുന്നത്. ടെസ്റ്റ് പരമ്പരയില്‍ (3-1)ന് ഇന്ത്യ വിജയിച്ചപ്പോള്‍, ടി20യിലും അത് തന്നെ ആവര്‍ത്തിച്ചു. ആതിഥേയരുടെ വിജയം (3-2)ന്. ഇപ്പോഴിതാ മൂന്ന് മത്സര ഏകദിന പരമ്പരയിലും ഇംഗ്ലണ്ടിന് കയ്പ്പ് നീര്‍ കുടിക്കാനായിരുന്നു വിധി. സ്വന്തം നാട്ടില്‍ നടന്ന പരമ്പരകളില്‍ ഇന്ത്യയുടെ മൃഗീയ ആധിപത്യം.
ഇന്ത്യ ഉയര്‍ത്തിയ 330 റണ്‍സ് വിജയലക്ഷ്യം അനായാസമായി മറികടക്കാമെന്ന വിചാരത്തില്‍ ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ട് ബാറ്റിങ് നിരയ്ക്ക് ആദ്യം മുതല്‍ തന്നെ പിഴക്കുകയായിരുന്നു. രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ട് പിന്തുടര്‍ന്ന വിജയിച്ച സ്കോറിനേക്കാള്‍ കുറവായിരുന്നു ഇത്തവണ ഇന്ത്യ ഉയര്‍ത്തിയത്. രണ്ടാം ഏകദിനത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 337 റണ്‍സ് വിജയലക്ഷ്യം 43 ഓവറിലാണ് ഇംഗ്ലണ്ട് അടിച്ചെടുത്തത്. അത്രയും ഫോമിലുള്ള ബാറ്റിങ് നിരയെക്കൊണ്ട് ഈ മത്സരവും അനായാസം ജയിക്കാമെന്ന കണക്കുകൂട്ടലാണ് ഇംഗ്ലണ്ടിന് വിനയായത്. എങ്കിലും അവസാന നിമിഷം വാലറ്റത്തെ കൂട്ടുപിടിച്ച് സാം കറന്‍ നടത്തിയ പോരാട്ടം ഇന്ത്യന്‍ ആരാധകരെ കൊണ്ട് നഖം കടിപ്പിച്ചുവെന്ന് ഉറപ്പാണ്. മത്സരം അവസാനിച്ചു എന്ന് വിചാരിച്ചിടത്തു നിന്ന് ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടു വരുന്ന ഇന്നിങ്സാണ് കറന്‍ കാഴ്ചവെച്ചത്. ആദില്‍ റഷീദിനെയും മാര്‍ക് വുഡിനേയും ചേര്‍ത്തു പിടിച്ച് ടീമിനെ ജയത്തിന്‍റെ പടിവാതില്‍ക്കല്‍ വരെ എത്തിച്ചെങ്കിലും അവസാന വിജയം ഇന്ത്യക്കായിരുന്നു. 83 പന്തില്‍ ഒന്‍പത് ബൌണ്ടറിയും മൂന്ന് സിക്സറും ഉള്‍പ്പടെ 95 റണ്‍സാണ് കറന്‍ ഇംഗ്ലണ്ടിനായി നേടിയത്.
കഴിഞ്ഞ കളിയുടെ ബാക്കിയെന്ന പോലെ വെടിക്കെട്ട് പ്രകടനവുമായി ഇന്നിങ്സ് തുടങ്ങവേ മൂന്ന് ഓവറിനുള്ളില്‍ ഇംഗ്ലണ്ടിന്‍റെ രണ്ട് ഓപ്പണര്‍മാരും പവലിയനിലെത്തി. കഴിഞ്ഞ മത്സരത്തിലെ സെഞ്ച്വറി വീരനായ ബെയര്‍സ്റ്റോ വിക്കറ്റായത് വെറും ഒരു റണ്‍സിന്. ജോസണ്‍ റോയി പുറത്തായത് 14 റണ്‍സിനും. വെടിക്കെട്ട് വീരന്‍ സ്റ്റോക്സിനെയും ക്രീസില്‍ നിലയുറപ്പിക്കും മുമ്പേ ഇന്ത്യ പുറത്താക്കി. 35 റണ്‍സെടുക്കാനേ സ്റ്റോക്സിന് കഴിഞ്ഞുള്ളൂ.
ഡേവിഡ് മലനും സാം കറനും മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ അല്‍പമെങ്കിലും പൊരുതിയത്. അര്‍ദ്ധ സെഞ്ച്വറി നേടിയ ഉടനെ തന്നെ മലനെ താക്കൂര്‍ പുറത്താക്കി. വാലറ്റക്കാരെ കൂട്ടുപിടിച്ച പൊരുതാന്‍ ശ്രമിച്ച സാം കറന്‍ 95 റണ്‍സ് നേടി. ക്യാപ്റ്റന്‍ ജോസ് ബട്‍ലര്‍ക്കും കാര്യമായി ഒന്നും ഇംഗ്ലണ്ട് ഇന്നിങ്സില്‍ ചെയ്യാന്‍ കഴിഞ്ഞില്ല. 15 റണ്‍സെടുത്ത ബട്‍ലറേയും താക്കൂര്‍ തന്നെ പുറത്താക്കുകയായിരുന്നു. ബട്‍ലര്‍ പുറത്തായതിന് ശേഷം ലിവിംഗ്സ്റ്റണും മോയിന്‍ അലിയും ചേര്‍ന്ന് ഇംഗ്ലണ്ടിനെ കരക്കെത്തിക്കാന്‍ ശ്രമിച്ചെങ്കിലും കൃത്യമായ ഇടവേളയില്‍ താക്കൂര്‍ ഇന്ത്യക്ക് ബ്രേക് ത്രൂ നല്‍കി. ലിയാം ലിവിങ്സ്റ്റൺ 36 റണ്‍സും മോയിന്‍ അലി 29 റണ്‍സും നേടി.
നേരത്തെ ആദ്യം ബാറ്റിങിനിറങ്ങി കൂറ്റന്‍ സ്കോര്‍ ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ കളത്തിലിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ശേഷം തുടരെ നാല് വിക്കറ്റുകള്‍ നഷ്ടമാവുകായിരുന്നു. ഇന്ത്യക്കായി ഓപ്പണിങ് വിക്കറ്റില്‍ രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും ചേര്‍ന്ന് സെഞ്ച്വറി പാര്‍ട്ണര്‍ഷിപ്പ് ഉയര്‍ത്തിയെങ്കിലും ടീം സ്കോര്‍ 103ല്‍ നില്‍ക്കേ രോഹിത് വീണു. വ്യക്തിഗത സ്കോര്‍ 37ല്‍ നില്‍ക്കവെയാണ് ആദില്‍ റഷീദിന്‍റെ പന്തില്‍ ബൌള്‍ഡായി രോഹിത് മടങ്ങുന്നത്. ബ്രേക് ത്രൂ അനിവാര്യമായിരുന്ന ഇംഗ്ലണ്ട് അവിടെ നിന്ന് മത്സരത്തിലേക്ക് തിരികെ വരികയായിരുന്നു. രണ്ട് ഓവറിനിടെ മികച്ച ഫോമില്‍ നിന്ന് ശിഖര്‍ ധവാനെയും ആദില്‍ റഷീദ് തന്നെ പുറത്താക്കി. മികച്ച ഒരു റിട്ടേണ്‍ ക്യാച്ചിലൂടെയാണ് ആദില്‍ റഷീദ് ധവാനെ പുറത്താക്കിയത്. 55 ബോളില്‍ 10 ബൌണ്ടറിയുള്‍പ്പടെ 67 റണ്‍സെടുത്ത് നില്‍ക്കവെയായിരുന്നു ധവാന്‍റെ മടക്കം.
വണ്‍ഡൌണായെത്തിയ ക്യാപ്റ്റന്‍ കോഹ്‍ലിക്ക് ആകട്ടെ നിലയുറപ്പിക്കുന്നതിന് മുമ്പ് തന്നെ പവലിയനിലെത്തേണ്ടി വന്നു. മോയിന്‍ അലിയുടെ പന്തില്‍ ബൌള്‍ഡായാണ് ഇന്ത്യന്‍ നായകന്‍ പുറത്തായത്. ഒന്‍പത് പന്തില്‍ നിന്നായി ഏഴ് റണ്‍സ് മാത്രമായിരുന്നു കോഹ്‍ലിയുടെ സമ്പാദ്യം. കോഹ്‍ലിയുടെ വിക്കറ്റ് വീണതിന് ശേഷം ഒത്തുചേര്‍ന്ന രാഹുല്‍-ഋഷഭ് സഖ്യം ഇന്ത്യയെ കരകയറ്റുമെന്ന് ആരാധകര്‍ പ്രതീക്ഷ വെക്കവേയാണ് രാഹുലിന്‍റെ വിക്കറ്റും ടീമിന് നഷ്ടമാകുന്നത്. ലിവിങ്സ്റ്റണിന്‍റെ പന്തില്‍ മോയിന്‍ അലിക്ക് ക്യാച്ച് നല്‍കിയാണ് കഴിഞ്ഞ കളിയിലെ സെഞ്ച്വറി താരം കൂടാരം കയറിയത്. ശേഷം ഒത്തുചേര്‍ന്ന പാണ്ഡ്യയും പന്തും ഇന്ത്യന്‍ ഇന്നിങ്സില്‍ രക്ഷകരാകുകയായിരുന്നു.
99 റണ്‍സിന്‍റെ പാര്‍ട്ണര്‍ഷിപ്പാണ് ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ നേടിയത്. അഞ്ച് ബൌണ്ടറിയും നാല് സിക്സറുമുള്‍പ്പടെ 61 ബോളില്‍ 78 റണ്‍സാണ് ഋഷഭ് പന്ത് നേടിയത്. 43 ബോളില്‍ അഞ്ച് ബൌണ്ടറികളും നാല് സിക്സറുകളുമായി 64 റണ്‍സാണ് പാണ്ഡ്യ നേടിയത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിലും അവസാന ഓവറുകളിലെ വെടിക്കെട്ട് പ്രകടനവുമായി ഋഷഭ് പന്തും ഹാര്‍ദ്ദിക് പാണ്ഡ്യയും ചേര്‍ന്നാണ് ഇന്ത്യന്‍ സ്കോര്‍ മുന്നൂറ് കടത്തിയത്. ഇംഗ്ലണ്ടിനായി മാര്‍ക് വുഡ് മൂന്നും ആദില്‍ റഷീദ് രണ്ടും വിക്കറ്റ് നേടി.