Kerala

അസമും പശ്ചിമ ബംഗാളും ഇന്ന് പോളിങ് ബൂത്തിലേക്ക്

അസമും പശ്ചിമ ബംഗാളും ഇന്ന് പോളിങ് ബൂത്തിലേക്ക്. രണ്ടിടത്തും ആദ്യഘട്ട വോട്ടെടുപ്പ് ഏഴ് മണിക്ക് ആരംഭിക്കും. ഭരണത്തുടര്‍ച്ച ഉറപ്പാക്കാൻ അസമിൽ ബിജെപിക്കും പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനും ഇന്ന് വോട്ടെടുപ്പ് നടക്കുന്ന ഭൂരിപക്ഷം മണ്ഡലങ്ങളിലും വിജയം നിര്‍ണായകം.

രാവിലെ ഏഴ് മുതൽ ആറര വരെയാണ് പശ്ചിമബംഗാളിൽ വോട്ടെടുപ്പ്. അസമിൽ ആറ് വരെയും. ബംഗാളിൽ ആദിവാസികൾ തിങ്ങിത്താമസിക്കുന്ന പുരുലിയ, പശ്ചിമ മിഡ്നാപൂര്‍, കിഴക്കൻ മിഡ്നാപൂര്‍, ബങ്കുര, ജാര്‍ഗ്രം ജില്ലകളിലെ മുപ്പത് മണ്ഡലങ്ങളാണ് ഇന്ന് ജനവിധി തേടുന്നത്. 2016ൽ ഈ മുപ്പതിൽ ഇരുപത്തിയേഴ് സീറ്റും ടിഎംസിയോടൊപ്പമായിരുന്നെങ്കിലും 2019ലെ ലോക്സഭ തെരഞ്ഞെടുപ്പോടെ ബിജെപി തൂത്തുവാരി. പുറമെ ബിജെപിയിലേക്ക് ചേക്കേറിയ ടിഎംസി എംപി സിസിര്‍ അധികാരി വിജയിച്ച ലോക്സഭ മണ്ഡലമായ കാന്തിക്ക് കീഴിലെ നിയമസഭ മണ്ഡലങ്ങളും ഇവയിലുൾപ്പെടും.

ആദിവാസികളെയും ദലിതരെയും മറന്ന് വോട്ട് നേടാൻ മറ്റുള്ളവരെ പ്രീണിപ്പിക്കുകയാണ് മമതയെന്ന് പുരുലിയയിൽ തെരഞ്ഞെടുപ്പ് റാലിയിൽ മോദി വിമര്‍ശിച്ചിരുന്നു. ഈ വെല്ലുവിളികളെല്ലാം മറികടന്ന് പഴയ വിജയം ആവര്‍ത്തിച്ചില്ലെങ്കിൽ തൃണമൂലിന് തിരിച്ചടിയായേക്കും. അസമിൽ ഭരണത്തുടര്‍ച്ച തേടുന്ന ബിജെപിയുടെ സ്ഥിതിയും സമാനം.

ഇന്ന് വോട്ടെടുപ്പ് നടക്കുന്ന 47 മണ്ഡലങ്ങളിൽ തേയില തൊഴിലാളികളായ ആദിവാസി ജനതക്കാണ് മേൽക്കൈ. ഇതിൽ 35 മണ്ഡലങ്ങളും ബിജെപി എജിപി സഖ്യം വിജയിച്ചിരുന്നെങ്കിലും പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രചാരണം ആദിവാസി വിഭാഗങ്ങളെ മാറ്റി ചിന്തിപ്പിച്ചേക്കും. ഇത് മറികടക്കാൻ ബിജെപിക്ക് ആകുമോയെന്നാണ് കാത്തിരുന്ന് കാണേണ്ടത്. പൗരത്വ നിയമത്തിനെതിരായ പ്രചാരണം തന്നെയാണ് ഈ മേഖലയിൽ കോൺഗ്രസിന്‍റെയും തുരുപ്പുചീട്ട്.