Kerala

വിരലില്‍ പുരട്ടുന്ന മഷി മായ്ക്കാന്‍ സി.പി.എം രാസവസ്തുക്കള്‍ വിതരണം ചെയ്യുന്നു: രമേശ് ചെന്നിത്തല

ഇരട്ട വോട്ട് ആരോപണത്തിന് പിന്നാലെ ഇടതുപക്ഷത്തിനെതിരെ വീണ്ടും സ്വരം കടുപ്പിച്ച് പ്രതിപക്ഷം. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനായി സി.പി.എം ശ്രമിക്കുന്നതായാണ് കോണ്‍ഗ്രസിന്‍റെ പുതിയ ആരോപണം. വോട്ട് ചെയ്യുമ്പോള്‍ വിരലില്‍ പുരട്ടുന്ന മഷി മായ്ക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ സി.പി.എം കേന്ദ്രങ്ങള്‍ വിതരണം ചെയ്യുന്നുവെന്നായിരുന്നു പ്രതിപക്ഷനേതാവ് ചെന്നിത്തലയുടെ ആരോപണം.

ഒരാള്‍ ഒരു വോട്ടുമാത്രം ചെയ്താല്‍ യു.ഡി.എഫിന് 110 സീറ്റ് ലഭിക്കും. ജനവികാരം അട്ടിമറിക്കാനാണ് സി.പി.ഐ.എം വ്യാജ വോട്ട് ചേര്‍ക്കുന്നത്. മഷി മായ്ക്കാനുള്ള രാസവസ്തുക്കള്‍ സി.പി.എം വിതരണം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട പരാതി കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് കോണ്‍ഗ്രസ് ഇന്ന് നല്‍കുമെന്നും ചെന്നിത്തല അറിയിച്ചു.

എ.ഐ.സി.സി സംഘം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ ഇന്ന് കാണുന്നുണ്ട്. മൂന്ന് തലത്തിലാണ് കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുന്നത്. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തല പരാതി നല്‍കുമ്പോള്‍ വോട്ടര്‍ പട്ടികയിലെ ഇരട്ടിപ്പും ക്രമക്കേടും സംബന്ധിച്ച് കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എമാരും പരാതി നല്‍കും.