World

റോഹിങ്ക്യ; ബംഗ്ലാദേശ് സര്‍ക്കാരിന് ഐക്യരാഷ്ട്ര സഭയുടെ വിമര്‍ശനം

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ മാറ്റിപ്പാര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പുതിയ പ്രതിസന്ധിയില്‍ ബംഗ്ലാദേശ് സര്‍ക്കാരിന് ഐക്യരാഷ്ട്രസഭയുടെ വിമര്‍ശനം. ഒരു ലക്ഷം അഭയാര്‍ത്ഥികളെ മാറ്റിപ്പാര്‍പ്പിക്കാന്‍‌ ഉദ്ദേശിക്കുന്ന ദ്വീപ്, വാസയോഗ്യമല്ലെന്ന് യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ പ്രതിനിധി കുറ്റപ്പെടുത്തി. മാറ്റിപ്പാര്‍പ്പിക്കാനുള്ള ബംഗ്ലാദേശ് സര്‍ക്കാരിന്റെ തീരുമാനത്തെ വിമര്‍ശിച്ച് റോഹിങ്ക്യന്‍ അനുകൂലികളും രംഗത്തെത്തി. മ്യാന്‍മറിലെ യു.എന്‍ പ്രതിനിധി യാങീ ലീയാണ് ബംഗ്ലാദേശ് സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചത്.

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്ന ഭസന്‍ചര്‍ പ്രദേശം കഴിഞ്ഞ ദിവസം അവര്‍ സന്ദര്‍ശിച്ചിരുന്നു. ഇതിന് ശേഷം ജനീവയില്‍ ചേര്‍ന്ന യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിലാണ് വിമര്‍ശനം. ആള്‍പ്പാര്‍പ്പില്ലാത്ത സ്ഥലമാണ് അതെന്നും ചുഴലിക്കാറ്റിനുള്ള സാധ്യതയുണ്ടെന്നും അവര്‍ കുറ്റപ്പെടുത്തി. ഈ സ്ഥലം വാസയോഗ്യമാണോ എന്ന കാര്യത്തില്‍ തനിക്ക് പ്രതീക്ഷയില്ലെന്നും കൃത്യമായ ആസൂത്രണങ്ങളില്ലാതെയാണ് അഭയാര്‍ത്ഥികളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ശ്രമിക്കുന്നതെന്നും അവര്‍ പറഞ്ഞു.

അഭയാര്‍ത്ഥികളെ ഭസന്‍ചന്‍ ദ്വീപിലേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നതിനെതിരെ റോഹിങ്ക്യന്‍ അനുകൂലികള്‍ക്കും വിയോജിപ്പുകളുണ്ട്. ഇതിലൂടെ അഭയാര്‍ഥികളെ ദുരിതത്തിലേക്ക് തള്ളിവിടുകയാണെന്ന് അവര്‍ കുറ്റപ്പെടുത്തി. ഭസന്‍ചന്‍ പ്രദേശം മഴക്കാലമായാല്‍ വെള്ളപ്പൊക്കമുണ്ടാകുന്ന പ്രദേശമാണെന്നും അഭിഭാഷകര്‍ പറഞ്ഞു. ഒരു ലക്ഷം അഭയാര്‍ഥികളെയാണ് ഈ ദ്വീപിലേക്ക് മാറ്റിത്താമസിപ്പിക്കുന്നത്.