ഏപ്രിൽ മുതൽ രാജ്യത്ത് അവശ്യമരുന്നുകളുടെ വില ഉയരും. വേദന സംഹാരികൾ, ആന്‍റിബയോട്ടിക്കുകൾ, ആന്‍റി ഇൻഫെക്റ്റീവ് മരുന്നുകൾ എന്നിവയ്ക്കുൾപ്പെടെയാണ് വില ഉയരുന്നത്. 20 ശതമാനം വരെയാണ് വില ഉയരുന്നത്.
മരുന്ന് നിര്‍മാണ ചെലവുകൾ 15-20 ശതമാനം വരെ ഉയര്‍ന്നതാണ് വില വര്‍ധനവിന് കാരണമായത്. ആക്ടീവ് ഫാര്‍മസ്യൂട്ടിക്കൽ കോംപോണന്‍റുകൾക്ക് വില കോവിഡ് കാലത്ത് കൂടിയിരുന്നു. പാക്കേജിങ് മെറ്റീരിയലുകളുടെ വിലയും വര്‍ധിച്ചിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് ഇപ്പോള്‍ മരുന്നു വിലയിലും ആനുപാതികമായി വര്‍ധനവ് വരുത്തുന്നത്.
വാർഷിക മൊത്ത വില സൂചികയിലെ മാറ്റത്തിനനുസരിച്ച് മരുന്ന് വില കൂട്ടാൻ മരുന്ന് നിർമ്മാതാക്കൾക്ക് സർക്കാർ അനുമതി നല്‍കിയിട്ടുണ്ട്. 2020-ൽ 0.5 ശതമാനമായിരുന്നു വില വര്‍ധന. നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഡയബറ്റീസ് മരുന്നുകൾ, വേദന സംഹാരികൾ, ആന്‍റി ബയോട്ടിക്കുകൾ തുടങ്ങിയവ നിര്‍മിക്കുന്നതിനാവശ്യമായ ഉത്പന്നങ്ങൾ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുകയാണ്. 80-90 ശതമാനവും ചൈനയിൽ നിന്നാണ് ഇറക്കുമതി. ചൈനയിൽ കോവിഡ് പ്രതിസന്ധി വ്യാപിച്ചപ്പോൾ ഇത്തരം ആക്ടീവ് കോംപോണന്‍റുകൾക്കും വില ഉയര്‍ത്തിയിരുന്നു. 2020 പകുതിയോടെ വിതരണം പുനരാരംഭിച്ചപ്പോൾ 10-20 ശതമാനം വരെ ചൈന വിലവര്‍ധന വരുത്തിയിരുന്നു.